കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഐഎംഎ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഐഎംഎ കേരളഘടകം രംഗത്ത്. കോണ്‍ടാക്ട് ട്രേസിങ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ ഏകീകരണം എന്നിവയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് ആരോഗ്യപ്രവര്‍ത്തകരായിരുന്നു ഈ പ്രവര്‍ത്തനം നടത്തിയിരുന്നത്. അവരെ മാറ്റിനിര്‍ത്തി പൊലീസിനെ മുഴുവന്‍ ചുമതലയും ഏല്‍പ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് ഐഎംഎ പറയുന്നു.

സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ മേല്‍നോട്ടം വഹിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണ്. അവരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിത്. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്ട് ട്രേസിങ് നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതാണ് ഉത്തമം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പൊലീസിനു നല്‍കിയതായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സമ്പര്‍ക്കം മൂലം രോഗബാധയുണ്ടാവുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുകയാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും. ക്വാറന്റീന്‍ ലംഘിച്ച് ചിലര്‍ പുറത്തിറങ്ങുന്നു. ഇതാണ് രോഗവ്യാപന തോത് വര്‍ധിക്കാനുള്ള പ്രധാന ഘടകം. അതുകൊണ്ടാണ് നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പൊലീസിനു നല്‍കുന്നെതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →