.മലപ്പുറം : താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം ചെയ്തത് ഡോ ഹിതേഷ് ശങ്കറായിരുന്നു. ശരീരത്തിലേറ്റ പരിക്കുകളും മരണ കാരണമായെന്നായിരുന്നു ഡോ ഹിതേഷിൻറെ റിപ്പോർട്ട്. എന്നാൽ മരണ കാരണം അടക്കം നിർണ്ണായക വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതായി ആരോപിച്ച് ഹിതേഷ് ശങ്കറിനെതിരെ പൊലീസ് രംഗത്തെത്തിയിരുന്നു. അടുത്ത ബന്ധു ഉൾപ്പെട്ട കേസ് ഒത്തുതീർക്കാത്തതിലുളള വിരോധം തീർക്കുകയാണെന്ന ആരോപണവും പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
എന്നാൽ താനൂർ കസ്റ്റഡി മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി ഫോറൻസിക് സർജൻ ഹിതേഷ് ശങ്കർരംഗത്ത് വന്നു.. കേസ് അട്ടിമറിക്കാൻ ഫോറൻസിക് വിധഗ്ധരുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായെന്ന് ഹിതേഷ് ശങ്കർ ഫെയ്സ് ബുക്ക് കുറിപ്പിൽ ആരോപിച്ചു. പൊലീസ് ഗ്രൂപ്പുകളിൽ തനിക്കെതിരെ സൈബർ ആക്രമണമാണ് നടക്കുന്നത്. റിപ്പോർട്ട് തയ്യാറാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും പ്രതികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ ഉത്തരവാദിത്തം നിർവഹിക്കാനായെന്നും ഹിതേഷ് ശങ്കർ പറയുന്നു.
അതേസമയം താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിനായി പോകുകയാണ്. അടുത്ത മാസം നാലു മുതൽ ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം. സുജിത് ദാസിന് പകരം മലപ്പുറം എസ്പിയുടെ ചുമതല പാലക്കാട് എസ് പി ആനന്ദിന് കൈമാറി. എസ് പിക്ക് കീഴിലുള്ള ഡാൻസാഫ് ടീമിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എസ് പിയെ മാറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടിയിലാണ് എസ് പി പരിശീലനത്തിനായി തിരിക്കുന്നത്.



