മോസ്കോ: റഷ്യയുടെ ലൂണ-25 ചാന്ദ്രദൗത്യം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍-3 ചന്ന്രനില് ഇറങ്ങും മുന്‍പേ ലൂണ 25 ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ ബഹിരാകാശദൗത്യത്തിലെ വലിയ നേട്ടമാണിതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ലൂണ-25 ചന്ദ്രനെ ചുറ്റി അകലം കുറച്ചുകൊണ്ടുവരും. തുടര്‍ന്ന് ഓഗസ്റ്റ് 22ന് ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
47 വര്‍ഷത്തിനുശേഷമാണ് റഷ്യ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുന്നത്. ഓഗസ്റ്റ് 11ന് പുലര്‍ച്ചെ 4:40 ന് അമുര്‍ ഒബ്ലാസ്റ്റിലെ വോസ്റ്റോണി കോസ്മോഡ്രോമില്‍ നിന്നാണ് ലൂണ-25 ദൗത്യം വിക്ഷേപിച്ചത്. സോയൂസ് 2.1ബി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 1976-ലെ ലൂണ-24 ദൗത്യത്തിന് ശേഷം റഷ്യ ചാന്ദ്രദൗത്യങ്ങളൊന്നും നടത്തിയിട്ടില്ല.
ഇന്ത്യയുടെ ചന്ദ്രയാന്‍-3 വിക്ഷേപിച്ച് ഒരു മാസത്തിനുശേഷമാണ് റഷ്യന്‍ ചാന്ദ്രദൗത്യം വിക്ഷേപിച്ചത്. എന്നാല്‍ ചന്ദ്രയാന്‍ മുമ്പ് ലൂണ 25 ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ഓഗസ്റ്റ് 21-നോ 22-നോ ലൂണ-25 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്ദ്രയാന്‍ മൂന്ന് ഓഗസ്റ്റ് 23നാണ് ചന്ദ്രനില്‍ ഇറങ്ങുക.
ചന്ദ്രോപരിതലത്തില്‍ നിന്ന് 18 കിലോമീറ്റര്‍ മുകളിലെത്തിയ ശേഷമാകും ലൂണ 25 പേടകത്തില്‍നിന്ന് ലാന്‍ഡര്‍ ഇറങ്ങാന്‍ തുടങ്ങുക. ഏകദേശം 15 കിലോമീറ്റര്‍ ഉയരം കുറച്ച ശേഷം, മൂന്നു കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് സാവധാനം ലാന്‍ഡിംഗ് നടത്തും.
ലൂണ 25 ചന്ദ്രന്റെ ഭ്രമണപഥത്തില്‍;ചന്ദയാനു മുന്നേ ഇറങ്ങിയേക്കും
