ന്യൂയോര്‍ക്ക്: ഭൂമിയില്‍ നിന്ന് 1900 കോടി കിലോമീറ്റര്‍ അകലെയുള്ള വോയേജര്‍ 2 പേടകവുമായി നാസ ബന്ധം പുനഃസ്ഥാപിച്ചു. രണ്ടാഴ്ച മുന്‍പ് വോയേജറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഫ്ലൈറ്റ് കണ്ട്രോള് സെന്ററില്‍ നിന്ന് തെറ്റായ ഒരു നിര്‍ദേശം പോയതോടെ വോയേജര്‍ 2ന്റെ ആന്റിന രണ്ടു ശതമാനം ചരിഞ്ഞിരുന്നു. ഇതോടെയണ് ആശയവിനിമയം നഷ്ടപ്പെട്ടത്. വോയേജര്‍ 2 എന്നെന്നേക്കുമായി നഷ്ടമാകുമെന്നും ശാസ്ത്രലോകം ആശങ്കപ്പെട്ടിരുന്നു.
നിലവില്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള രണ്ടാമത്തെ ദൗത്യമാണ് വോയേജര്‍ 2. വോയേജറിന്റെ ആന്റിന പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം തുടരുകയാണ്.
സൗരയൂഥത്തിനു പുറത്തുള്ള മേഖലകളെക്കുറിച്ചു പഠിക്കുന്നതിന് 1977 ല്‍ ആണ് വൊയേജര്‍ 2 വിക്ഷേപിച്ചത്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനവും ലക്ഷ്യമായിരുന്നു. യുറാനസിന്റെയും വ്യാഴത്തിന്റെയും ഒട്ടേറെ ഉപഗ്രഹങ്ങള്‍ കണ്ടെത്താന്‍ ദൗത്യത്തിനു കഴിഞ്ഞു. വൊയേജര്‍ 1 ദൗത്യവും നാസ വിട്ടിരുന്നു. ഭൂമിയില്‍ നിന്ന് 2400 കോടി കിലോമീറ്റര്‍ അകലെയാണ് ഇതിന്റെ സ്ഥാനം. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള ദൗത്യം ഇതാണ്.

