യുഎഇയിൽ ആശ്രിത വിസക്കാരായ വിധവകൾക്കും വിവാഹമോചിതർക്കും സ്‌പോൺസറില്ലാതെ ഒരു വർഷം വരെ വിസ നൽകാൻ തീരുമാനം. കുടുംബ വിസയിൽ യുഎഇയിൽ എത്തിയതിന് ശേഷം ഭർത്താവിന്റെ മരണം, വിവാഹമോചനം മുതലായവ സംഭവിച്ച സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. വിധവകളുടേയും വിവാഹമോചിതരായ സ്ത്രീകളുടേയും മക്കൾക്കും ഇതേ ആനുകൂല്യം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
മനുഷ്യത്വപരമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പങ്കാളിയുടെ മരണ ദിവസം, അല്ലെങ്കിൽ വിവാഹ മോചനം നടന്ന തിയതി തുടങ്ങിയവ കണക്കിലെടുത്താണ് വിസ കാലാവധി നിശ്ചയിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്‌സ് അതോറിറ്റി അറയിച്ചു.
സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ ആശ്രിത വിസ നീട്ടുന്നതിനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്നത്. എന്നിരിക്കിലും ഭർത്താവിന്റെ മരണം നടന്ന, അല്ലെങ്കിൽ വിവാഹ മോചനം നടന്ന സമയത്ത് കുടുംബ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കണം

