കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങളായവരുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2022-ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ്ണ മെഡൽ ക്യാഷ് അവാർഡ് വിതരണവും കണ്ണൂർ പിണറായി കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇടത് പക്ഷ സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമുള്ള ആനുകൂല്യനിഷേധം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ ഖജനാവിന് വലിയ ശേഷിയില്ലെന്നും സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ കൈയ്യടക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിൻ്റെ പുരോഗതിയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങളുണ്ടായ സമയത്ത് അർഹതയുള്ള സഹായം പോലും ലഭിച്ചില്ല. അരിക്കും സേനാ സേവനങ്ങൾക്കും കേന്ദ്ര സർക്കാർ കാശ് ചോദിച്ചു. ഇത് ഒരു ജനതയുടെ പുരോഗതിയുടെ പ്രശ്നമാണെന്നും സംസ്ഥാനം നശിക്കട്ടെ എന്ന നിലപാടാണോ കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ടത് എന്ന് ആലോചിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ വി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പും സ്കോളർഷിപ്പും ഡോ.വി ശിവദാസൻ എം പി വിതരണം ചെയ്തു. ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത് വിരമിച്ച തൊഴിലാളികൾക്കുള്ള പാരിതോഷികം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണം ചെയ്തു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രാജീവൻ, ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എം സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, ബോർഡ് അംഗങ്ങളായ ബേബി കമാരൻ, ടി എൻ രമേശൻ, കെ ദാസൻ, വി കെ അജിത്ത് ബാബു, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ക്ഷേമനിധി ചീഫ് ഇൻസ്പെക്ടർ എംജി സുരേഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർ വിവി രമേശൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →