അഞ്ചുവർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 61 വിദ്യാർഥികൾ ജീവനൊടുക്കി

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള കണക്കാണിത്. അവരിൽ ഭൂരിഭാഗവും (33) ഐ.ഐ.ടികളിൽ നിന്നുള്ളവരാണ്, തൊട്ടുപിന്നാലെ എൻ.ഐ.ടികൾ (24), ഐ.ഐ.എമ്മുകൾ (നാല്) എന്നിങ്ങനെ കണക്കുകൾ നീളുന്നു.
2018-ൽ 11, 2019-ൽ 16, 2020-ൽ അഞ്ച്, 2021-ൽ ഒമ്പത് എന്നിങ്ങനെ ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു. ആത്മഹത്യയ്ക്കു പിന്നിലെ കാരണങ്ങളും അവ പരിഹരിക്കാനുള്ള നടപടികളും സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കോൺഗ്രസ് അംഗങ്ങളായ പ്രദ്യുത് ബർദോലോയ്, ഗൗരവ് ഗൊഗോയ്, ബെന്നി ബെഹനാൻ, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അക്കാദമിക് സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ മുതലായവയാണ് അത്തരം പ്രശ്നങ്ങൾക്കു പിന്നിൽ തിരിച്ചറിഞ്ഞ കാരണങ്ങളിൽ ഉൾപ്പെടുന്നതെന്നു സർക്കാർ പാർലമെന്റിൽ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) 2020-ൽ സ്ഥാപനങ്ങളിലെ സമ്മർദ്ദവും വൈകാരിക ക്രമീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കൗൺസിലിങ് സംവിധാനങ്ങൾക്കുള്ള വ്യവസ്ഥകളുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്മർദം ലഘൂകരിക്കാനും മാനസികാരോഗ്യവും ഉയർത്താനും വർക്ക്ഷോപ്പുകളും/ സെമിനാറുകളും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു സർക്കാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →