റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‍പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർ ലഗേജ് കിട്ടാതെ പ്രതിസന്ധിയിൽ

March 22, 2023 - 1:53 pm

റിയാദ്: കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സ്‍പൈസ് ജെറ്റ് വിമാനത്തിൽ 2023 മാർച്ച് 20 തിങ്കളാഴ്ച യാത്ര ചെയ്തവരുടെ ലഗേജുകൾ ലഭിക്കാതെ പ്രതിസന്ധിയിലായി. കോഴിക്കോട് നിന്ന് 20/03/23 തിങ്കളാഴ്ച പുലർച്ചെ 5.55ന് പുറപ്പെട്ട് രാവിലെ 10 മണിക്ക് ജിദ്ദയിൽ എത്തിയ വിമാനത്തിലെ യാത്രക്കാരാണ് ദുരിതം നേരിടുന്നത്. അടുത്ത വിമാനത്തിൽ എത്തിക്കുമെന്ന് ആദ്യം പറഞ്ഞിരുന്ന അധികൃതർ പിന്നീട് 21/03/23 ചൊവ്വാഴ്ച ലഗേജുകൾ എത്തിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇനിയും ലഗേജുകൾ കിട്ടാത്തവർ നിരവധിപ്പേരുണ്ട്.

പ്രവാസികളും ഉംറ തീർത്ഥാടകരും ജിദ്ദയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു.  രാവിലെ 10 മണിക്ക് വിമാനം ലാന്റ് ചെയ്ത് നടപടികൾ പൂർത്തിയാക്കിയ ശേഷം ലഗേജുകൾ ലഭിക്കാതെ വന്നതോടെ യാത്രക്കാർ അന്വേഷിച്ചപ്പോഴാണ് ഉച്ചയ്ക്ക് 2.30നുള്ള വിമാനത്തിൽ ലഗേജുകൾ എത്തിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും അധികൃതർ പറഞ്ഞത്. എന്നാൽ ആ വിമാനം എത്തിയപ്പോഴും ഏതാനും പേരുടെ ലഗേജുകൾ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. 

രണ്ടാമത്തെ വിമാനത്തിലെത്തിയ പലർക്കും ലഗേജുകൾ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു. മണിക്കൂറുകൾ കാത്തിരുന്ന് തളർന്ന യാത്രക്കാർക്ക് ബഹളം വെച്ച ശേഷമാണ് ഭക്ഷണം പോലും നൽകിയതെന്ന് യാത്രക്കാർ പറയുന്നു. സ്‍ത്രീകളും പ്രായമായവരും ചെറിയ കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ലഗേജ് കിട്ടാതെ പ്രതിസന്ധിയിലായി. പലരും മരുന്നുകൾ പോലും ലഗേജിൽ കരുതിയിരുന്നതിനാൽ പിന്നീട് ജിദ്ദയിലെ ആശുപത്രികളിൽ പോയി മരുന്നുകൾ വാങ്ങേണ്ടിവന്നു. ജിദ്ദയിൽ നിന്ന് മറ്റിടങ്ങളിലേക്ക് കണക്ഷൻ വിമാനങ്ങളിൽ പോകേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി. 

21/03/23 ചൊവ്വാഴ്ച എല്ലാരുടെയും ലഗേജുകൾ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വിമാനക്കമ്പനിയിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. പലരും ലഗേജും കാത്ത് ഹോട്ടലുകളിലും പരിചയക്കാരോടൊപ്പവും കഴിയുകയാണ്. എപ്പോൾ ലഗേജുകൾ എത്തിക്കുമെന്ന കാര്യത്തിൽ അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും ഇക്കാര്യത്തിൽ വിമാനക്കമ്പനിക്കെതിരെ നിയമനടപടികൾ ആലോചിക്കുകയാണെന്നും ചില യാത്രക്കാർ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *