ബാലുശേരി: വയലടയിലെ വിനോദ സഞ്ചാരത്തിന്റെയും കായികരംഗത്തിന്റെയും പ്രോത്സാഹനത്തിനായി സംഘടിപ്പിച്ച അൾട്രാഹിൽ റൺ നാടിന് ആവേശമായി. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് റൺ ഫ്ലാഗ് ഓഫ് ചെയ്തു. ദീർഘദൂര ഓട്ടക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് റോയൽ റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി 120 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
25 ഉം 50 ഉം കിലോമീറ്റർ ദൂരമാണ് കായിക താരങ്ങൾ ഓടി പൂർത്തിയാക്കിയത്. 50 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ കണ്ണൂർ സ്വദേശി ജയ്മോൻ ജെയിംസും വനിതാ വിഭാഗത്തിൽ രമയും ജേതാക്കളായി. 25 കിലോമീറ്റർ പുരുഷവിഭാഗത്തിൽ കെ. വിനയ് ജേതാവായപ്പോൾ വനിതാ വിഭാഗത്തിൽ ഊട്ടി സ്വദേശി ലിപി ഒന്നാമതെത്തി. 50 കിലോമീറ്റർ പുരുഷവിഭാഗത്തിൽ ഗണേഷ്, ജസ്റ്റിൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ മേരി ജോഷി, പാർവതി എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 25 കിലോമീറ്റർ പുരുഷവിഭാഗം മത്സരത്തിൽ അമൽജിത്ത്, ആന്റണി വിൽസൺ വർഗീസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിതാ വിഭാഗത്തിൽ വി.കെ. പ്രവീണ, സ്പൂർത്തി ദേവരാജ് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ. സമ്മാനങ്ങൾ വിതരണം ചെയ്തു. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച് പനങ്ങാട് നോർത്ത്, വാഴോറമല, കുന്നിക്കൂട്ടം, നമ്പികുളം, തോരാട്, താക്കോലായി, കോട്ടക്കുന്ന് എന്നീ മലകൾ താണ്ടി വയലട വഴി തിരികെ എത്തുന്ന തരത്തിലാണ് റൺ റൂട്ട് ഒരുക്കിയിരുന്നത്. ബാലുശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ബി. കെ. ഹരീഷ്, ഓർഗനൈസിങ് കമ്മിറ്റി കൺവീനർ പി. സുധാകരൻ, വിവിധ സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.

