കോഴിക്കോട്: പോലീസിനെതിരേ കൊലവിളി പ്രസംഗവുമായി ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍. മുഖ്യമന്ത്രിയെ കഴിഞ്ഞദിവസം കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലാണ് നേതാക്കളുടെ കൊലവിളിപ്രസംഗം. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനെത്തിയ വൈഷ്ണവേഷിനെ നടക്കാവ് സി.ഐ. ജിജീഷ് മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് മുന്നിലായി പോലീസ് തടഞ്ഞപ്പോഴാണ് ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെ കൊലവിളി പ്രസംഗം. ജിജീഷിന് യൂണിഫോമിന്റെ ബലം ഉള്ളതുകൊണ്ടുമാത്രമാണ് ഇന്ന് ജീവനോടെ ഇരിക്കുന്നതെന്നും അല്ലായിരുന്നെങ്കില്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ജിജീഷിന്റെ ശവം കോഴിക്കോട്ടെ തെരുവില്‍ നിന്ന് കണ്ടെത്തുമായിരുന്നുവെന്ന് ടി റെനീഷ് പറഞ്ഞു. സംഭവം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് വലിയ സമയത്തിന്റെ ആവശ്യമില്ലെന്നും ഒന്നോ രണ്ടോ പ്രവര്‍ത്തകര്‍ ആറ് മാസം ജയിലില്‍ കിടക്കാന്‍ തീരുമാനിച്ചാല്‍ അവസാനിക്കുന്നതാണ് ജിജീഷിന്റെ അഹങ്കാരമെന്നും കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ റെനീഷ് പറഞ്ഞു. കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കിടക്കുന്നത് മാങ്ങ പറിക്കാന്‍ പോയിട്ടല്ല. കിട്ടുന്നത് സ്‌നേഹമായാലും തല്ലായാലും തിരിച്ചു കൊടുത്തിട്ടേ ഈ പ്രസ്ഥാനത്തിന് ശീലമുള്ളൂ എന്നും റെനീഷ് പറഞ്ഞു. അതേസമയം സിഐയുടെ കൈ വെട്ടുമെന്നാണ് മറ്റൊരു ജനറല്‍ സെക്രട്ടറിയായ മോഹനന്‍ മാസ്റ്റര്‍ പറഞ്ഞത്. പ്രസംഗവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് കേസെടുത്തു.
പോലീസിനെതിരേ കൊലവിളിപ്രസംഗവുമായി ബി.ജെ.പി. നേതാക്കള്‍
