പ്രീതിപൂര്‍വം’ സര്‍ക്കാര്‍: ഗവര്‍ണറുടെ വിമാനയാത്രയ്ക്കു 30 ലക്ഷം കൂടി!

തിരുവനന്തപുരം: ജനത്തിനുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാനയാത്രയ്ക്കു 30 ലക്ഷം രൂപകൂടി അനുവദിച്ച് സര്‍ക്കാര്‍. പോരവസാനിപ്പിച്ച്, സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പിലെത്തിയതിന്റെ ഉപഹാരമാണിതെന്നു വിമര്‍ശനം.
വിമാനയാത്രയ്ക്കു ചെലവായ തുക കഴിഞ്ഞ ഏഴിനാണു ഗവര്‍ണര്‍ക്ക് അനുവദിച്ചത്. 2022-23 ലെ ബജറ്റില്‍ ഗവര്‍ണറുടെ യാത്രയ്ക്ക് അനുവദിച്ചിരുന്ന തുക തീര്‍ന്നതോടെയാണിത്. 25 ലക്ഷം രൂപയ്ക്കുമേലുള്ള ബില്‍ ട്രഷറിയില്‍നിന്നു മാറിയെടുക്കാന്‍ ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണം. ഇത് മറികടന്നാണു ഗവര്‍ണര്‍ക്കു തുക അനുവദിച്ചത്.

ഒഡെപെക് മുഖേനയാണു ഗവര്‍ണര്‍ വിമാനയാത്രയ്ക്കു ടിക്കറ്റ് എടുത്തിരുന്നത്. 2022 ഡിസംബര്‍ 30-ലെ വിമാനയാത്രയ്ക്കു ചെലവായ 30 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഗവര്‍ണറുമായി ശീതസമരം നിലനിന്നിരുന്നതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. തര്‍ക്കങ്ങള്‍ ഏറെക്കുറേ അവസാനിച്ച സാഹചര്യത്തിലാണു ഫയല്‍ വീണ്ടും അനങ്ങിയത്.

കഴിഞ്ഞമാസം ഒന്‍പതിനു പൊതുഭരണവകുപ്പ് ഫയല്‍ ധനവകുപ്പിനു കൈമാറി. ധനവിനിയോഗവിഭാഗം ഗവര്‍ണറുടെ ആവശ്യം പരിശോധിച്ച് ഫയല്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനു കൈമാറി. നേരത്തേ ഗവര്‍ണറുടെ അപ്രീതിക്കു പാത്രമായിരുന്ന ബാലഗോപാല്‍ ഫയലില്‍ ഒപ്പിടാന്‍ ആദ്യം മടിച്ചു. എന്നാല്‍, ഗവര്‍ണറുമായി ഒത്തുതീര്‍പ്പിലെത്തിയ മുഖ്യമന്ത്രി ഫണ്ട് അനുവദിക്കാന്‍ ബാലഗോപാലിനോടു നിര്‍ദേശിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 24-നു ധനവിനിയോഗവിഭാഗം ഗവര്‍ണറുടെ വിമാനയാത്രാക്കൂലി അനുവദിക്കാന്‍ ബജറ്റ് വിഭാഗത്തോട് അധിക ഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍, ബജറ്റ് പണിപ്പുരയിലായിരുന്നതിനാല്‍ നടന്നില്ല. കഴിഞ്ഞ മൂന്നിനു ബജറ്റ് അവതരിപ്പിച്ചശേഷമാണു തുക അനുവദിക്കാനുള്ള ഫയലില്‍ മന്ത്രി ബാലഗോപാല്‍ ഒപ്പിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →