കല്‍പ്പറ്റ: പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടുപേരെ കല്‍പ്പറ്റ പോലീസ് പിടികൂടി. എട്ടു പ്രതികളടങ്ങിയ സംഘത്തിലെ മൂന്നാം പ്രതിയായ മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന് (33) എട്ടാം പ്രതിയായ കൂത്തുപറമ്പ് എരിവട്ടി സീമ നിവാസില്‍ ദേവദാസ് (46) എന്നിവരെയാണ് കണ്ണൂരില്‍വച്ച് പിടികൂടിയത്.
ജനുവരി 28ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി 3,92,000 രൂപ കവര്‍ന്ന ശേഷം വെങ്ങപ്പള്ളിയില്‍ ഇറക്കിവിട്ടെന്നായിരുന്നു പരാതി. കവര്‍ച്ചാസംഘം സഞ്ചരിച്ച കാര്‍ പിന്നീട് മാനന്തവാടിയില്‍ ബസിനും ക്രെയിനിനും ഇടിക്കുകയും പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
കൊടുവള്ളിയില്‍ നിന്നു പണവുമായി ബസില്‍ കയറിയ യുവാവിനെ നിധിന് പിന്തുടരുകയായിരുന്നു. യുവാവ് കല്‍പ്പറ്റയില്‍ ഇറങ്ങിയപ്പോള്‍ പിന്നാലെ കാറില്‍ വന്ന പ്രതികളുടെ സഹായത്തോടെ നിധിന് ഇയാളെ ബലമായി കാറില്‍ പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
എട്ടാംപ്രതിയായ ദേവദാസ് പ്രതികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

