കാസര്‍ഗോഡ്: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ വിലക്കുറവ് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളുമായി പമ്പ് ഉടമകള്‍. ഇതിനുപുറമേ ജീവനക്കാര്‍ ദേശീയപാതയരികില്‍ എത്തി എട്ടു രൂപ കുറവെന്ന ആദായ വില്പന മോഡലിലുള്ള പ്രചരണവും നടത്തുന്നുണ്ട്.
കേരളത്തെക്കാളും പെട്രോളിനും ഡീസലിനും വലിയ വിലക്കുറവാണ് ഇവിടെ. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം സെസും ഏര്‍പ്പെടുത്തിയാല്‍ ഇവിടെ എത്തുന്ന വാഹനങ്ങളുടെ എണ്ണം പിന്നെയും കൂടും. കാസര്‍ഗോട്ടുകാര്‍ ഭൂരിഭാഗവും ജില്ലയിലെ പെട്രോള്‍ പമ്പുകളെ കൈയൊഴിഞ്ഞു. ഇന്ധനം നിറയ്ക്കാന്‍ തലപ്പാടിയെയും ഗ്വളിമുഖയെയും ആശ്രയിക്കുകയാണ്. കേരളത്തേക്കാള്‍ ഒരു ലിറ്റര്‍ പെട്രൊളിന് ആറു രൂപയുടെയും ഡീസലിന് എട്ടു രൂപയുടെയും വിലക്കുറവുണ്ടെന്നതാണ് കര്‍ണാടക പമ്പുകളിലെത്താനുള്ള പ്രധാന കാരണം. കേരളം സെസ് കൂടി ഏര്‍പ്പെടുത്തിയാല്‍ കര്‍ണാടക ഇന്ധനത്തിന് ലാഭം പിന്നെയും കൂടും.
കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയാല്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാണ് പലരും മടങ്ങുക. സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ മംഗളൂരു റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ആശ്രയവും കര്‍ണാടകയിലെ പെട്രോള്‍ പമ്പുകള്‍ തന്നെ. നിലവില്‍ കെ.എസ്.ആര്‍.ടി.സി കാസര്‍ഗോഡ്-മംഗളൂരു സര്‍വീസുകള്‍ക്കായി പ്രതിദിനം 2860 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. കര്‍ണാടകയില്‍നിന്ന് ഇന്ധനം നിറയ്ക്കുന്നതിലൂടെ ഓരോ ദിവസവും 22800 രൂപ ലാഭിക്കാന്‍ സാധിക്കും. ഇതിലൂടെ പ്രതിമാസം ആറ് ലക്ഷത്തി എണ്‍പത്തിനാലായിരം രൂപ കെ.എസ്.ആര്‍.ടി.സിക്കു ലാഭിക്കാം. കൊല്ലൂര്‍, സുള്ള്യ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളും കര്‍ണാടകയെ ആശ്രയിച്ചാല്‍ പ്രതിദിന ലാഭം അമ്പതിനായിരത്തിലെത്തും. ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഈ വിലക്കുറവിന്റെ പ്രധാന ഉപഭോക്താക്കളാണ്.
കര്‍ണാടകയില്‍നിന്ന് കൊച്ചിയിലേക്കും മറ്റും സാധനങ്ങളുമായി പോകുന്ന ഇതരസംസ്ഥാന വാണിജ്യ ട്രക്കുകളാണ് കേരളത്തിലെ പ്രധാന വരുമാനം. ഹൈവേയിലെ ഇന്ധന സ്‌റ്റേഷനുകളുടെ 60% ലാഭവും വാണിജ്യ വാഹനങ്ങളില്‍ നിന്നാണ്. എന്നാല്‍ കേരളത്തിലെ പമ്പുകളില്‍നിന്ന് ടാങ്കറുകള്‍ ഇന്ധനം നിറയ്ക്കുന്നത് ഏറെക്കുറെ നിര്‍ത്തിയിട്ടുണ്ട്. കര്‍ണാടകയെയും മാഹിയേയും ഇവര്‍ ആശ്രയിക്കുന്നു. ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലര്‍മാരും പറയുന്നു.