റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാരബലൂണ്‍ അവശിഷ്ടങ്ങള്‍ തേടി അമേരിക്ക

February 7, 2023 - 8:58 am

ന്യൂയോര്‍ക്ക്: വെടിവച്ചിട്ട ചൈനീസ് ചാരബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി സമുദ്രത്തിലടക്കം വ്യാപക തെരച്ചിലുമായി അമേരിക്ക. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ദിവസങ്ങളായി റോന്തുചുറ്റിയിരുന്ന വമ്പന്‍ ബലൂണ്‍ ശനിയാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശാനുസരണം യുദ്ധവിമാനങ്ങളില്‍നിന്നു മിസൈലുകള്‍ അയച്ച് യു.എസ്. തകര്‍ത്തത്. ഛിന്നഭിന്നമായ ബലൂണിന്റെ ഭാഗങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ യു.എസിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പലയിടങ്ങളിലായി പതിച്ചു. ചെറിയ സ്‌ഫോടനശബ്ദത്തോടെ ബലൂണ്‍ ചിതറിത്തെറിക്കുന്നതിന്റെ ദൃശ്യം അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. സമുദ്രത്തിലെ 11 കിലോമീറ്റര്‍ ചുറ്റളവില്‍ 14 മീറ്റര്‍ ആഴത്തില്‍ ഇവ പതിച്ചതായാണു കരുതുന്നത്.

അതേ സമയം, ലാറ്റിന്‍ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട ബലൂണ്‍ തങ്ങളുടേതെന്നു ചൈന സമ്മതിച്ചു. ബലൂണ്‍ ദിശമാറിപ്പോയതാണെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങിന്റെ വിശദീകരണം. കരീബിയന്‍ വ്യോമാതിര്‍ത്തിവഴിയാണു ചൈനീസ് ബലൂണ്‍ ലാറ്റിനമേരിക്കയിലെത്തിയത്.
യു.എസ്. തകര്‍ത്ത ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ എത്രയും വേഗം വീണ്ടെടുക്കാന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കരോലിനയ്ക്കു സമീപമുള്ള കടലില്‍ നടക്കുന്ന തെരച്ചിലിനു രഹസ്യാന്വേഷണ വിഭാഗവും നാവികസേനാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വന്‍സംഘമാണു നേതൃത്വം നല്‍കുന്നത്. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം ഉടന്‍ അധികൃതരെ അറിയിക്കാനാണു നിര്‍ദേശം. അവയില്‍ സ്പര്‍ശിക്കുകയോ പോറല്‍പോലും ഏല്‍പ്പിക്കുകയോ ചെയ്യരുത്. അത്തരം ശ്രമങ്ങള്‍ തുടര്‍പരിശോധനകള്‍ക്കു തിരിച്ചടിയാകുമെന്ന് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.

ചാരബലൂണിന്റെ സാന്നിധ്യവും വെടിവച്ചിടലും ചൈന-യു.എസ്. ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്താനിരുന്ന ചൈനാ സന്ദര്‍ശനം റദ്ദാക്കിയത് വിഷയത്തിന്റെ തീവ്രതയ്ക്കു തെളിവായി. തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കു മുകളിലൂടെയടക്കം ബലൂണ്‍ പറത്തി വിവരങ്ങള്‍ ചോര്‍ത്തിയതായാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍, കാലാവസ്ഥാ നിരീക്ഷണത്തിനു വിക്ഷേപിച്ചതാണെന്നും കാറ്റില്‍ ദിശതെറ്റി യു.എസ്.

വ്യോമാതിര്‍ത്തിയിലെത്തിയതാണെന്നുമാണ് ചൈനയുടെ വിശദീകരണം.
എന്നാല്‍, ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം മുടക്കാന്‍ ചൈനീസ് സേനതന്നെ മനഃപൂര്‍വം വിക്ഷേപിച്ചതാണു ബലൂണെന്നു കരുതുന്നവരും കുറവല്ല. ദിവസങ്ങളോളം രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ അനുവദിച്ചതിലൂടെ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റകരമായ അനാസ്ഥ പുലര്‍ത്തിയെന്ന ആക്ഷേപവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *