ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ചു

വണ്ടാനം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ പ്രസവത്തെത്തുടര്‍ന്ന് നവജാതശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ഒതളക്കാവില്‍ ഷിബിയുടെ ഭാര്യ സജിതയുടെ രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച (18.01.2023)യായിരുന്നു പ്രസവത്തീയതി പറഞ്ഞിരുന്നത്. എന്നാല്‍ വേദന കടുത്തതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച (17.01.2023) രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍ സലാം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നതിങ്ങനെ: യുവതിയെ പ്രസവത്തിനായി ഈ മാസം 13-നാണ് മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ രണ്ടാമത്തെ ഗര്‍ഭധാരണം ആയിരുന്നു. ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നു. രണ്ടാമത്തെ ഗര്‍ഭത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. സാധാരണ രണ്ടു കുഞ്ഞുങ്ങള്‍ ഉള്ളപ്പോള്‍ രണ്ടു മറുപിള്ള ഉണ്ടാകും. എന്നാല്‍, ഇവിടെ രണ്ടു കുഞ്ഞുങ്ങള്‍ക്കുംകൂടി ഒരു മറുപിള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വിവരങ്ങള്‍ യുവതിയേയും ബന്ധുക്കളെയും നേരത്തേ അറിയിച്ചു. പതിനെട്ടാം തീയതി രാവിലെ സിസേറിയന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, തലേദിവസം വൈകുന്നേരം കുഞ്ഞിന് അനക്കം കുറവുള്ളതായി കണ്ടെത്തുകയും ഡോപ്ലര്‍ ഉള്‍പ്പടെയുള്ള സ്‌കാനിങ്ങില്‍ കുഞ്ഞിന് ഹൃദയമിടിപ്പു നേരിയ തോതില്‍ മാത്രമേയുള്ളൂവെന്ന് കണ്ടെത്തുകയുമായിരുന്നു. രോഗിയുടെ ബന്ധുക്കളുടെ പൂര്‍ണമായ സമ്മതത്തോടെ അടിയന്തരമായി സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ ഒരു കുഞ്ഞു ചുവപ്പുനിറം ഉള്ളതും മറ്റേ കുഞ്ഞു വെളുത്തുവിളറിയ നിലയിലുമാണ് കണ്ടത്. ഇരട്ടക്കുട്ടികള്‍ക്ക് ഒറ്റ മറുപിള്ള മാത്രമുണ്ടാകുന്ന സാഹചര്യത്തില്‍ സംഭവിക്കാവുന്ന ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍ സിന്‍ഡ്രോം അഥവാ ഒരു കുഞ്ഞില്‍ നിന്ന് മറ്റേ കുഞ്ഞിലേക്ക് മറുപിള്ള വഴി രക്തം സംക്രമിക്കുന്ന അവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →