കോഴിക്കോട്: ബേപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുവച്ച് കത്തികൊണ്ട് അതിഥിത്തൊഴിലാളിയുടെ കൈവിരലില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസിലെ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍ (42), ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്(33) എന്നിവരാണ് പോലീസ് പിടിയിലായത്.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഷാഹുല്‍ ഹമീദ് കഴിഞ്ഞവര്‍ഷവും സമാനമായ കുറ്റകൃത്യം ചെയ്തു ബേപ്പൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഷാഹുല്‍ ഈയിടെയാണു ജയില്‍മോചിതനായത്. പിന്നീട് മറ്റൊരാളെ കൂടെകൂട്ടിയാണ് കവര്‍ച്ച നടത്തിയത്. ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് അബ്ദുള്‍ഖാദറിനെ പിടികൂടുകയായിരുന്നു. കൂട്ടുപ്രതി ഷാഹുലാണെന്ന് ഇയാള്‍ സമ്മതിച്ചതോടെ കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെ കൊണ്ടോട്ടിയില്‍നിന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.