റോം: മദ്ദലേനയിലെ സ്വകാര്യ ക്ലിനിക്കിനെ അതിവേഗമാണു സായുധ പോലീസ് സംഘം വളഞ്ഞത്. കിമോതെറാപ്പിക്കായി പ്രവേശിപ്പിച്ച വയോധികനെ അവര്‍ തോക്കുചൂണ്ടി പിടിച്ചുകൊണ്ടുപോയി. എല്ലാംകണ്ട് ഭയന്ന മറ്റു രോഗികള്‍ അല്പസമയം കഴിഞ്ഞാണ് ആ രഹസ്യമറിഞ്ഞത്. അറസ്റ്റിലായത് മാറ്റേയോ മെസ്സിന ഡെനേറോ(60). 30 വര്‍ഷമായി പോലീസിനെ വെട്ടിച്ചുനടക്കുന്ന സിസിലിയിലെ അധോലോക നായകന്.
പോലീസിനെ വെട്ടിച്ചു ഓടിരക്ഷപ്പെടാന്‍ അയാള്‍ ശ്രമിച്ചെങ്കിലും കീമോതെറാപ്പി മൂലം ക്ഷീണിതനായതിനാല്‍ നടന്നില്ല. അതുവരെ സിസിലിക്കാരുടെ മനസില്‍ പതിഞ്ഞ മാറ്റേയോയുടെ മുഖം ആകെ മാറിയിരുന്നു. ക്രൂരതയ്ക്കു പകരം ക്ഷീണിതനായി ഒരു വയോധികന്റെ മുഖം അവിടെ ഇടംപിടിച്ചു. ആശുപത്രിയില്‍നിന്ന് ഒരു വിവരംകൂടി പുറത്തുവന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയ്ക്ക് അയാള്‍ സ്ഥിരമായി എത്തിയിരുന്നു.
മാറ്റേയോയുടെ ക്രൂരതകള്‍ ഗോഡ്ഫാദര് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങള്‍ക്കു പ്രമേയമായിട്ടുണ്ട്. 12 വയസുകാരനെ ആസിഡില്‍ ലയിപ്പിച്ചുകൊന്നതടക്കമുള്ള കേസുകള്‍ അയാള്‍ക്കെതിരേയുണ്ട്. മാഫിയയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ നിര്‍ണായക വിജയമാണിതെന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിയോര്ജിയ മെലോണി പ്രതികരിച്ചു.
”നല്ലവിശ്വാസി” എന്നാണു ഡെനേറോ സ്വയം വിശേഷിപ്പിക്കുന്നത്. മാഫിയയെ നേരിടുന്ന ഉദ്യോഗസ്ഥരെ വേട്ടയാടിയാണ് അയാള്‍ അധോലോകത്ത് വളര്‍ന്നത്.
1992ല്‍ മാഫിയയ്ക്കെതിരേ നീങ്ങിയ പ്രോസിക്യൂട്ടര്‍ ജിയോവാനി ഫാല്കോണിനെ വധിച്ചാണ് അയാള്‍ വാര്‍ത്തകളില്‍ ഇടംപടിച്ചത്. 1993ല്‍ ഫ്ളോറന്‍സ്, റോം, മിലാന് എന്നിവിടങ്ങളില്‍ നടത്തിയ ബോംബ് ആക്രമണങ്ങളില്‍ 10 പേര് കൊല്ലപ്പെട്ടതോടെ ഭീതി വളര്‍ന്നു. അതേ വര്‍ഷം തന്നെ തനിക്കെതിരേ മൊഴിനല്‍കിയ യുവാവിനെ പാഠംപഠിപ്പിക്കാന്‍ മകനായ ജിയോസെപ്പെ ഡി മാറ്റേയോ എന്ന 12 വയസുകാരനെ തട്ടിക്കൊണ്ടുപോയി. രണ്ടു വര്‍ഷം കുട്ടിയെ ബന്ദിയാക്കിയശേഷമാണ് ആസിഡില്‍ മുക്കിക്കൊന്നത്. ഇതോടെ ഭീതി വളരുകയും ചെയ്തു. 1993 മുതല്‍ ഒളിവിലിരുന്നാണ് അയാള്‍ അധോലോകത്തെ നയിച്ചത്. 2021ല്‍ മാറ്റേയോ എന്നുകരുതി ഹോളണ്ടില്‍നിന്ന് ഒരാളെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
ഏറ്റവുംകാലം ഒളിവില്‍ കഴിഞ്ഞ മാഫിയ തലവന്‍ എന്ന റെക്കോഡ് ബെര്‍ണാഡോ പ്രൊവന്സാനോയ്ക്കാണ്. 38 വര്‍ഷമാണ് അയാള്‍ ഇറ്റാലിയന്‍ പോലീസിനെ കബളിപ്പിച്ചു കഴിഞ്ഞത്.



