ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ പണിപ്പെട്ടു, ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലിറങ്ങി

ബംഗളുരു: ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത് ഏറെ പാടുപെട്ടെന്ന് മകളും ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌ര. ഇഷ്ടമില്ലാതെയാണ് അവര്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. കരുത്തരും ബുദ്ധിമതികളുമായ രണ്ടു സ്ത്രീകളാണ് (ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും) തന്നെ വളര്‍ത്തിയത്. ഇന്ദിരാ ഗാന്ധിക്ക് 33 വയസുള്ള മകനെ നഷ്ടപ്പെടുമ്പോള്‍ തനിക്ക് എട്ടു വയസായിരുന്നുവെന്ന് പ്രിയങ്ക അനുസ്മരിച്ചു.
എന്നാല്‍, സഞ്ജയ് ഗാന്ധി മരിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ അവര്‍ രാജ്യസേവനത്തിനായി പോയി. അത് അവരുടെ കടമയും മനക്കരുത്തുമാണു വ്യക്തമാക്കുന്നത്. മരിക്കുന്നതുവരെ ഇന്ദിരാഗാന്ധി രാഷ്്രടസേവനം തുടര്‍ന്നെന്നും പ്രിയങ്ക പറഞ്ഞു. 21-ാം വയസിലാണ് സോണിയ രാജീവ് ഗാന്ധിയുമായി പ്രണയത്തിലായതെന്ന് പ്രിയങ്ക പറഞ്ഞു.

”അവര്‍ ഇറ്റലിയില്‍നിന്ന് ഇന്ത്യയിലേക്കു വന്നത് രാജീവിനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ്. നമ്മുടെ പാരമ്പര്യങ്ങള്‍ പഠിക്കാന്‍ അവര്‍ പാടുപെട്ടു. ഇന്ത്യയിലെ ജീവിതരീതികള്‍ പഠിച്ചു. ഇന്ദിരാജിയില്‍നിന്ന് എല്ലാം ഉള്‍ക്കൊണ്ടു, 44-ാം വയസില്‍ അവര്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രാഷ്ട്രീയം ഇഷ്ടപ്പെട്ടില്ലെങ്കിലും, രാഷ്ട്രത്തെ സേവിക്കുന്നതിനുള്ള പാത സ്വീകരിച്ചു. 76 വയസുവരെ, ജീവിതകാലം മുഴുവന്‍ രാജ്യത്തെ സേവിച്ചു”- പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്വയം പോരാടാനുള്ള കഴിവ് ഇന്ദിരാഗാന്ധിയില്‍നിന്നാണ് തന്റെ അമ്മ പഠിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →