ന്യൂഡൽഹി: ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ ജഡ്ജിമാരെ ഭാഗമാക്കരുതെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുളളതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചില കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ആ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന് സുപ്രീം കോടതിയോട് അഭ്യർഥിക്കുന്നതായും കിരൺ റിജിജു ചൂണ്ടിക്കാട്ടി. കൊളീജിയം സംവിധാനം കാരണം ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി സീനിയർ ജഡ്ജിമാർ തങ്ങളുടെ വിലയേറിയ സമയം ചെലവഴിക്കുക ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കൊളീജിയവും തമ്മിലുള്ള ഭിന്നത ശക്തമായി നിലനിൽക്കുന്നതിനിടയിലാണ് റിജിജുവിന്റെ അഭിപ്രായ പ്രകടനം.
വരുംകാല ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് വെറും ഭരണപരമായ ജോലിയാണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും സീനിയർ ജഡ്ജിമാർ ഇതിനായി സമയം ചെലവഴിക്കുന്നത്, ജഡ്ജിയെന്ന നിലയിലുള്ള അവരുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും നിയമ മന്ത്രി വ്യക്തമാക്കി. ഭരണഘടന വ്യവസ്ഥകൾ റദ്ദാക്കിയാണ് രണ്ടാം ജഡ്ജസ് കേസിൽ കൊളീജിയം സംവിധാനം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് എക്സിക്യുട്ടീവ് ആയിരിക്കണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിലുള്ള ജഡ്ജിമാരോട് കൂടിയാലോചന നടത്തണമെന്ന് മാത്രമാണ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്. മറ്റ് നടപടിക്രമങ്ങളിൽ ജഡ്ജിമാരെ ഭാഗമാക്കരുതെന്ന് കൃത്യമായി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊളീജിയം സംവിധാനം നിലനിൽക്കുന്ന കാലയളവിൽ അത് സർക്കാർ അംഗീകരിക്കും. നിലവിലുള്ള നടപടിക്രമങ്ങളിൽ (MOP) മാറ്റം വരുത്താൻ സുപ്രീം കോടതി ശ്രമിച്ചാൽ അത് സർക്കാരിന് പ്രശ്നം സൃഷ്ടിക്കും. നടപടി ക്രമങ്ങൾ പാലിച്ചാണ് ജഡ്ജി നിയമനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കുന്നതെന്നും ഓൾ ഇന്ത്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റിജിജു വ്യക്തമാക്കി.
ആവർത്തിച്ച് നൽകുന്ന ജഡ്ജി നിയമന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യത ഉണ്ടെന്ന് ഓർമ്മിപ്പിച്ച് സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. 1993-ലെ രണ്ടാം ജഡ്ജസ് കേസിലെ വിധിയും, 2021-ലെ മൂന്ന് അംഗ ബെഞ്ചിന്റെ വിധിയും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

