പനങ്ങാട്: കൊച്ചി പനങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്.ഐ. പരുഷമായി പെരുമാറിയതിൽ മനം നൊന്ത് പോലീസുകാരി സ്‌റ്റേഷനിലുള്ളിലെ വിശ്രമമുറിയിൽ കയറി കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടർന്ന് എസ്.ഐ. ഉൾപ്പെടെയുള്ളവർ ചേർന്ന് മുറി ചവിട്ടിത്തുറന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ. ജിൻസൺ ഡൊമിനിക്കിനെതിരേ സ്‌പെഷൽ ബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചു.
2023 ജനുവരി 14 ശനിയാഴ്ച രാവിലെ. സ്‌റ്റേഷനിൽ ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഓരോ ദിവസം ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്.ഐ. പരുഷമായി പെരുമാറി എന്നാണ് വനിതാ സി.പി.ഒയുടെ പരാതി. മാത്രമല്ല, എസ്.ഐ. ക്യാബിനിൽനിന്ന് ഇറക്കിവിട്ടെന്നും ഇവർ പറയുന്നു.
തുടർന്ന് ഇതിന്റെ വിഷമത്തിൽ വനിതാ സി.പി.ഒ. തൊട്ടടുത്തുള്ള വിശ്രമമുറിയിൽ കയറി വാതിൽ അടച്ചു. ഏറെ നേരത്തിനു ശേഷവും ഇവർ വാതിൽ തുറന്നില്ല. സഹപ്രവർത്തകർ അടക്കം വിളിച്ചു നോക്കുകയും ചെയ്തു. തുടർന്ന് എസ്.ഐയും മറ്റു രണ്ടുപേരും ചേർന്ന് മുറി ചവിട്ടിത്തുറന്നു. അപ്പോഴാണ് ഉള്ളിൽ വനിതാ സി.പി.ഒ. വിഷമിച്ചിരിക്കുന്നത് കണ്ടത്.
സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണറുടെ അടക്കം നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ് കുറച്ചുദിവസങ്ങളായി സ്‌റ്റേഷനിലെ എസ്.ഐയും ചില പോലീസുമാരുമായി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്.

