ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ, പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകള്‍ വിട്ടൊഴിയേണ്ടി വരുന്നതിന്റെ വേദനയില്‍ ജനം. ഒഴിപ്പിക്കല്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുമ്പോള്‍ വൈകാരികമായ രംഗങ്ങള്‍ക്കാണ് പട്ടണം സാക്ഷ്യംവഹിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു ഹോട്ടലുകളും നൂറു കണക്കിനു വീടുകളും പൊളിച്ചുമാറ്റേണ്ടി വരും.
തപോവന്‍-വിഷ്ണുഗഡ് ജലെവെദ്യുത പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്ന് ആരോപിച്ചു നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷ(എന്‍.ടി.പി.സി.)നെതിരെ പ്രതിഷേധപ്രകടനവുമായി ജനങ്ങള്‍ രംഗത്തിറങ്ങി. അതേ സമയം, പദ്ധതിയുടെ തുരങ്കം ജോഷിമഠ് പട്ടണത്തിന് അടിയിലൂടെയല്ല പോകുന്നതെന്നു എന്‍.ടി.പി.സി. അറിയിച്ചു.
20,000 ജനസംഖ്യയുള്ള നഗരത്തിലെ 678 വീടുകള്‍ സുരക്ഷിതമല്ലെന്നു ജില്ലാ ഭരണകൂടം അടയാളപ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍ മലരി ഇന്‍, ഹോട്ടല്‍ മൗണ്ട് വ്യൂ എന്നിവ ഘട്ടംഘട്ടമായി പൊളിക്കാനാണു തീരുമാനം. മലരി ഇന്‍ പൊളിച്ചുതുടങ്ങി. ഭൂമിതാഴല്‍ മൂലം രണ്ടു ഹോട്ടലുകളും ചരിയുകയും അടുത്തടുത്തു വരികയും ചെയ്തതാണു പൊളിക്കാന്‍ കാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. മേഖലയിലെ ഒമ്പതു ജില്ലകളും സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

