ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിനു നേരെ നൈജീരിയന്‍ പൗരന്മാരുടെ ആള്‍ക്കൂട്ടആക്രമണം. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നതിന് കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ പൗരന്മാരെ ഇവര്‍ മോചിപ്പിച്ചു. നൂറോളം നൈജീരിയക്കാര്‍ സംഘം ചേര്‍ന്നാണ് പോലീസിനെ വളഞ്ഞ് ഇവരെ മോചിപ്പിച്ചത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ദക്ഷിണ ഡല്‍ഹിയിലെ നേബ് സരായ് ഏരിയയിലെ രാജു പാര്‍ക്കിലാണ് നാടകീയ സംഭവങ്ങള്‍.
വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തുടര്‍ന്ന മൂന്നു നൈജീരിയന്‍ പൗരന്മാരെ ശനിയാഴ്ച ഉച്ചയോടെ ലഹരിവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇതോടെ നൂറോളം വരുന്ന നൈജീരിയന്‍ പൗരന്മാര്‍ സംഘം ചേര്‍ന്ന് പോലീസ് നടപടിയെ തടസപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ സംഘം മോചിപ്പിച്ചു. ഫിലിപ്പ് (22) എന്നയാള്‍ പോലീസ് കസ്റ്റഡിയില്‍ തന്നെയുണ്ട്. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.വൈകിട്ടോടെ ലോക്കല്‍ പോലീസിന്റെയും നാര്‍ക്കോട്ടിക് സ്‌ക്വാഡി-ന്റെയും സംയുക്ത സംഘം വീണ്ടും സ്ഥലത്തെത്തി. വനിതയുള്‍പ്പടെ നാല് നൈജീരിയക്കാരെ കസ്റ്റഡിയിലെടുത്തു. ഇതോടെ 200 ഓളം പേരുടെ സംഘം വീണ്ടും സംഘടിച്ചെത്തി പോലീസിനെ വളഞ്ഞു. കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാനും ശ്രമമുണ്ടായി. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയ പോലീസ് കസ്റ്റഡിയിലെടുത്തവരെ നെബ് സരായ് സ്റ്റേഷനില്‍ എത്തിച്ചു. ഇവരുടെ നാടുകടത്തല്‍ നടപടികള്‍ പുരോഗമിക്കുകയാണ്



