കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടു കോട്ടയം നഗരസഭ ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടിക്ക് അധ്യക്ഷ നിര്‍ദേശം നല്‍കി. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സാനുവിനെതിരേയാകും നടപടിയെടുക്കുക.
കഴിഞ്ഞ നവംബര്‍ 15നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഹോട്ടലിലെ ചെറിയ അടുക്കളയ്ക്കു പുറമേ, ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിലാണു പ്രധാന അടുക്കള പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ഇത് അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍ പത്തു ദിവസത്തിനുള്ളില്‍ അടുക്കള ഒന്നിപ്പിക്കണമെന്നു കാട്ടി ഹോട്ടലിനു നോട്ടീസ് നല്‍കി. ഇതിനൊപ്പം കണ്ടെത്തിയ മറ്റു പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതു പാലിക്കാതെ ഇവര്‍ വീണ്ടും ഹോട്ടല്‍ തുറന്നു. നിര്‍ദേശങ്ങള്‍ പാലിച്ചോയെന്നു പരിശോധിക്കാതെ ഹോട്ടല്‍ തുറക്കാന്‍ ആരോഗ്യവിഭാഗം അനുമതി നല്‍കിയെന്നു കണ്ടെത്തിയതോടെയാണു നടപടിക്കു നിര്‍ദേശം നല്‍കിയത്.



