റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമലയിൽ നിന്ന് മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി

December 25, 2022 - 7:59 am

കുമളി: തമിഴ്‌നാട്ടിൽ ശബരിമലയിൽ നിന്ന് മടങ്ങിയ തീർത്ഥാടകരുടെ വാഹനം പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഇരച്ചിൽപ്പാലത്തിന് സമീപമായിരുന്നു അപകടം . പരിക്കേറ്റ കുട്ടിയടക്കമുള്ള രണ്ടുപേർ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളായ ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് അപകടത്തിൽപ്പെട്ട ടവേര കാറിലുണ്ടായിരുന്നത്. 2022 ഡിസംബർ 23ന് രാത്രി 11 മണിയോടെയായിരുന്നു അപകടം.

ആണ്ടിപ്പെട്ടി സ്വദേശി ശിവകുമാർ (45), എസ്.എസ് പുരം സ്വദേശി വിനോദ്കുമാർ (45), നാച്ചിയാർപുരം സ്വദേശി നാഗരാജ് (49), ചക്കംപെട്ടി സ്വദേശികളായ മുനിയാണ്ടി (50), ദേവദാസ് (50), ഭൂമിയാക്കൻപെട്ടി സ്വദേശി എം. കലൈശെൽവൻ (45), മറവൻപെട്ടി സ്വദേശി കന്നിച്ചാമി (55), പിച്ചാംപെട്ടി സ്വദേശിയും ഡ്രൈവറുമായ ഗോപാലകൃഷ്ണൻ (45) എന്നിവരാണ് മരിച്ചത്. ആണ്ടിപ്പെട്ടി സ്വദേശി രാജ, മകൻ ഏഴുവയസുള്ള ഹരിഹരൻ എന്നിവർക്കാണ് പരിക്കേറ്റ് ചികിത്സയിലുളളത്. രാജയുടെ പരിക്ക് ഗുരുതരമാണ്. പാലത്തിൽ ഇടിച്ചപ്പോൾ ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിലെ വളവിൽ നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തിയിലിടിച്ചിട്ട് സമീപത്തെ മരത്തിൽ തട്ടി പാലത്തിൽ നിന്ന് 20 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്കാണ് കാർ വീണത്. പെൻസ്റ്റോക്ക് പൈപ്പുകൾ യോജിപ്പിച്ച് നിറുത്താനായി ഉപയോഗിച്ചിരുന്ന കൂറ്റൻ കോൺക്രീറ്റ് ബീമിന് സമീപം ഇടിച്ച് തലകീഴായി മറിഞ്ഞ് കിടന്നിരുന്ന വാഹനത്തിനുള്ളിൽ കുടുങ്ങി കിടന്നവരെ കുമളി പൊലീസും നാട്ടുകാരും തമിഴ്നാട്ടിലെ പൊലീസും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മൂന്നുപേരെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. ഇതിലൊരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴി മരിക്കുകയും ചെയ്തു. വാഹനത്തിന്റെ അമിത വേഗമാണ് അപടക കാരണമെന്നാണ് വിലയിരുത്തൽ. എട്ട് പേരുടെയും മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *