മുംബൈ: രാജ്യത്ത് നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷം 70,000 കോടിരൂപ (900 കോടി ഡോളര്‍) കടന്നേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷമിത് 45,000 കോടിരൂപ (580 കോടി ഡോളര്‍) മാത്രമായിരുന്നു. നടപ്പുവര്‍ഷം ഇതുവരെ കയറ്റുമതി 500 കോടി ഡോളര്‍ (40,000 കോടിരൂപ) പിന്നിട്ടതായാണ് കണക്ക്.കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇക്കാലത്തിത് 220 കോടി (17,000 കോടിരൂപ) ഡോളറായിരുന്നു. സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളാണ് രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തിലും കയറ്റുമതിയിലും വലിയ കുതിപ്പു നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ പകുതിയും ഈ രണ്ടു കമ്പനികള്‍ചേര്‍ന്നാണ്.അതിനിടെ, ആപ്പിള്‍ ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യക്കു കൂടുതല്‍ ഗുണകരമായ മാറ്റങ്ങളാണ് ആഗോളതലത്തില്‍ നടക്കുന്നത്. ഐഫോണ്‍, ഐപാഡ് എന്നിവ നിര്‍മിച്ചുനല്‍കുന്ന ചൈനയിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലെ സമരമാണ് ഇന്ത്യക്ക് അനുകൂലമാകുന്നത്. ഇതിന്റെഭാഗമായി ഐപാഡ് ഉത്പാദനം ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ആപ്പിള്‍ കമ്പനിയും സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.2020-ല്‍ കൊണ്ടുവന്ന ഉത്പാദന അനുബന്ധപദ്ധതിയാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. ഈ പദ്ധതിയനുസരിച്ചാണ് ആപ്പിളിന്റെ കരാര്‍ കമ്പനികളായ ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ എന്നിവ ഇന്ത്യയിലെത്തിയത്.
മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ റെക്കോഡിടാന്‍ ഇന്ത്യ
