നിലമ്പൂര്‍: മമ്പാട് പുള്ളിപ്പാടം കറുകമണ്ണയില്‍നിന്ന് ഒന്നേമുക്കാല്‍ കോടിയുടെ അനധികൃത സിഗററ്റ് ശേഖരം പിടികൂടി. ജില്ല പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി: സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പള്ളിപറമ്പില്‍ അസ്ക്കറിന്റെ (37) വീട്ടില്‍ നിന്ന് ഒന്നേമുക്കാല്‍ കോടി രൂപയുടെ സിഗരറ്റുകള്‍ പിടികൂടിയത്. 22/11/2022 പുലര്‍ച്ചെയായിരുന്നു പരിശോധന.
വിവിധ പേരുകളിലുള്ള മൂന്നര ലക്ഷം സിഗരറ്റ് പാക്കറ്റുകള്‍ അടങ്ങിയ ശേഖരമാണ് പിടികൂടിയത്. അനധികൃത സിഗരറ്റ് ഇടപാടിലൂടെ സര്‍ക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടമാണ് ഉണ്ടാവുന്നത്. നികുതി അടയ്ക്കാതെ തമിഴ്നാട്ടില്‍നിന്നു കടത്തിക്കൊണ്ടുവന്ന് വീട്ടില്‍ ശേഖരിച്ച് വിവിധ മാര്‍ക്കറ്റുകളിലൂടെ വില്‍പ്പന നടത്തുകയാണ് രീതി. മാര്‍ക്കറ്റില്‍ ഒരു പാക്കറ്റിന് 70 രൂപ വിലയുള്ള സിഗരറ്റിന് സമാനമായ സിഗരറ്റ് 20-25 രൂപക്കാണ് സംഘം ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. അസ്ക്കറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയില്‍ എടവണ്ണയില്നിന്നു പതിവായി എംസാന്‍ഡ് കയറ്റി തമിഴ്നാട് നിലഗിരി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇറക്കി മടങ്ങിവരും വഴിയാണ് സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ ഗൂഡല്ലൂരില്‍നിന്നു രഹസ്യമായി ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കടത്തിക്കൊണ്ടുവന്നിരുന്നത്.പിടിച്ചെടുത്ത സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ പോലീസ് നടപടികള്‍ക്കുശേഷം നിലമ്പൂര്‍ കോടതിക്ക് കൈമാറും. ജി.എസ്.ടി. വിഭാഗത്തെയും മറ്റു നികുതി വകുപ്പിനെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.

