തിരുനെല്ലി: കാട്ടാന ഓടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണുമരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപ്പാറ കോളനിയിലെ രാജുവിന്റെയും ഗൗരിയുടെയും മകന്‍ രതീഷ്(24) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഭാര്‍ഗിരി എസ്‌റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്‌റ്റേറ്റില്‍ കാവലിനായി പോയതായിരുന്നു. തുടര്‍ന്ന് രാത്രി 10 മണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറിയ രതീഷ് കാല്‍തെറ്റി താഴെ വീണു മരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിനു മുകളിലുണ്ടെന്നു രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഗണേഷ് വന്നു നോക്കുമ്പോഴാണ് രതീഷ് മരത്തിനുതാഴെ വീണുകിടക്കുന്നതു കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തലപ്പുഴ പോലീസ് സ്‌റ്റേഷനിലെ രമേശ്, രാജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
കാട്ടാന ഓടിച്ചപ്പോള്‍ മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു
