ന്യൂഡല്‍ഹി: അരുമയായി വളര്‍ത്താന്‍ കഴിയുന്ന ഏറ്റവും മികച്ച മൃഗമാണ് നായകള്‍. സ്നേഹവും കരുതലും ബുദ്ധിയുമെല്ലാം അവയെ ഉടമയോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നു. നായകള്‍ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കള്‍ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാല്‍ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കള്‍ സന്തോഷം കണ്ടെത്തുന്നു. മനുഷ്യരുമായുള്ള ഈ ഒത്തിണക്കം പണ്ട് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് ഫലപ്രദമായ വേട്ടകള്‍ നടത്താന്‍ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും നായകളാണ്.
ഇപ്പോള്‍ നായകളുമായി ബന്ധപ്പെട്ട ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഗവേഷകര്‍. ആര്‍ട്ടിക് മേഖലയിലെ സ്ലഡ്ജ് നായ അഥവാ മഞ്ഞു വണ്ടി വലിക്കുന്ന നായകള്‍ക്ക് സൈബീരിയന്‍ ദ്വീപുകളില്‍ ഉണ്ടായിരുന്ന 9500 വര്‍ഷം പഴക്കമുള്ള നായകളുമായി ബന്ധമുണ്ടെന്നാണ് ഈ കണ്ടെത്തല്‍. സ്ലെഡ്ജ് നായ ചിന്തിച്ചതിലും വളരെ മുമ്പുതന്നെ ആര്‍ട്ടിക്ക് മേഖലയിലുണ്ടായിരുന്നുവെന്നാണ് മനസിലാവുന്നതെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തില്‍ പറയുന്നു. ഗ്രീന്‍ലാന്‍ഡ് സര്‍വകലാശാലയും ബാഴ്സയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണറി ബയോളജിയും സഹകരിച്ച നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
സൈബീരിയന്‍ ദ്വീപായ സോഖോവില്‍ നിന്ന് കണ്ടെടുത്ത 9,500 വര്‍ഷം പഴക്കമുള്ള നായകളുടെ ഡിഎന്‍എ ഗവേഷകര്‍ വേര്‍തിരിച്ചെടുത്തിരുന്നു. ആ ഡിഎന്‍എയെ അടിസ്ഥാനമാക്കി ഇന്നുവരെയുള്ള ഏറ്റവും പഴക്കം ചെന്ന ഡോഗ് ജീനോം ക്രമീകരിച്ചു. ഇതും സ്ലഡ്ജ് നായകളുടേതുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ കണ്ടെത്തലിലെത്തിയതെന്നും ഗവേഷകരില്‍ ഒരാളായ പിഎച്ച്ഡി വിദ്യാര്‍ത്ഥി മൈക്കല്‍ സിന്ഡിംഗ് പറഞ്ഞു.9,500 വര്‍ഷം പഴക്കമുള്ള സൈബീരിയന്‍ നായ സോഖോവ് ഒരുതരം പുരാതന നായയാണെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത് – ആദ്യകാല വളര്‍ത്തുമൃഗങ്ങളില്‍ ഒന്നായ ഇതാണ് എല്ലാ നായ്ക്കളുടെയും പൊതുവായ ഉത്ഭവത്തിന്റെ തുടക്കമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ പഠനമനുസരിച്ച്, ആധുനിക സ്ലെഡ്ജ് നായ്ക്കള്‍ ആയിരിക്കും ഏറ്റവും പഴക്കമേറിയ നായ ഇനമെന്നതിലേക്കാണ് ഗവേഷണം പുരോഗമിക്കുന്നത്.




