തിരുവനന്തപുരം: സോഫ്ട് വെയറിലെ പഴുതുകൾ മുതലെടുത്ത് കെട്ടിടങ്ങൾക്കും മറ്റും പെർമിറ്റ് നൽകുന്നതിലടക്കമുള്ള ക്രമക്കേട് അവസാനിപ്പിക്കാൻ പുതിയ ഏകീകൃത സംവിധാനം. കോർപ്പറേഷൻ മുതൽ ഗ്രാമപഞ്ചായത്തുവരെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ. കെ-സ്മാർട്ട് എന്ന പേരിൽ സോഫ്ട് വെയർ തയ്യാറാക്കുന്നു. ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) സോഫ്ട് വെയർ തയ്യാറാക്കുന്നത്. 2023 ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
വെബ്പോർട്ടലിന് പുറമേ മൊബൈൽ ആപ്ലിക്കേഷനായും ഉപയോഗിക്കാം. ഫയൽ ട്രാക്കിംഗ്, ട്രേഡ് ലൈസൻസ്, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാകും ജനുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുക. 2023 ആഗസ്റ്റോടെ സോഫ്ട് വെയർ പൂർണ സജ്ജമാകും.നിലവിൽ പഞ്ചായത്തുകൾക്കും കോർപ്പറേഷനും മുൻസിപ്പാലിറ്റികൾക്കും ഓരോ സേവനത്തിനും പ്രത്യേകം സോഫ്ട് വെയറാണ്. ജനനം,മരണം,വിവാഹ രജിസ്ട്രേഷൻ,നികുതി അടയ്ക്കൽ,കെട്ടിടനിർമ്മാണ അനുമതി,ക്ഷേമപെൻഷൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 26 സോഫ്ട് വെയറുകൾ സംയോജിപ്പിക്കും.
ഉദ്യോഗസ്ഥന്റെ അറിവില്ലാതെ അവരുടെ കമ്പ്യൂട്ടർ വഴി കെട്ടിട നമ്പരും ഒക്യുപെൻസിയും നൽകുന്ന സംഭവങ്ങൾ പതിവായതോടെ മന്ത്രിയായിരുന്ന എം.വി.ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് ഐ.കെ.എം പുതിയ സോഫ്ട് വെയർ വികസിപ്പിക്കാൻ തുടങ്ങിയത്. യാതൊരു കാരണവശാലും മറ്റാർക്കും ചോർത്താൻ കഴിയാത്ത കണ്ണിലെ റെറ്റിനയാണ് കമ്പ്യൂട്ടറിന്റെ പാസ് വേഡായി ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥൻ നേരിട്ട് മുഖം കാണിക്കണമെന്നർത്ഥം. തുടർന്ന് കമ്പ്യൂട്ടർ പ്രവർത്തിക്കണമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നൽകുകയും വേണം. പല ബാങ്കുകളിലും ഈ സംവിധാനമുണ്ട്. മറ്റാർക്കും ആ കമ്പ്യൂട്ടർ ഉപയാേഗിച്ച് ക്രമക്കേട് കാട്ടാൻ കഴിയില്ല. താൻ അറിഞ്ഞില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന് ഒഴിഞ്ഞു മാറാനുമാകില്ല. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ന്യൂതന സങ്കേതങ്ങളുടെ സഹായത്തോടെയാണ് സോഫ്ട് വെയർ തയ്യാറാക്കുന്നത്.
പദ്ധതിക്ക് 23 കോടി കൊച്ചി സ്മാർട്ട് സിറ്റി ഫണ്ടിൽ നിന്ന് അനുവദിച്ചു. തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പുരോഗതി വിലയിരുത്തി. അൻപതിലേറെ ജീവനക്കാരാണ് സോഫ്ട് വെയർ വികസിപ്പിക്കുന്നത്. ജാവ ഡെവലപ്പേഴ്സിന്റെ കുറവാണ് ഏക പ്രതിസന്ധി’ജനങ്ങൾക്ക് ഓഫീസിലെത്താതെ സേവനം ലഭ്യമാക്കണം, അതിനുള്ള പരിശ്രമമാണ് കെ-സ്മാർട്ട്.

