തിരുവനന്തപുരം: കൊല്ലത്തെ ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി അനുമതി നൽകാത്ത വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഈ വർഷം പ്രവേശനം നൽകാൻ കോടതി ഉത്തരവിട്ടിട്ടും,സർക്കാർ നിലപാട് വ്യക്തമാക്കിയ ശേഷം വിജ്ഞാപനം മതിയെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.കാലിക്കറ്റ് സർവകലാശാല കോടതി നിർദ്ദേശ പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.
കേരളയിൽ വിജ്ഞാപനം വൈകുന്നത് കൊണ്ട് വിദ്യാർത്ഥികൾ അന്യ സംസ്ഥാന സർവകലാശാലകളിൽ പഠനം നടത്താൻ നിർബന്ധിതരാവും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ അദ്ധ്യാപകരെ സർവകലാശാലയുടെ റഗുലർ ഡിപ്പാർട്ട്‌മെന്റുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് നിയമിച്ചിരിക്കുകയാണ്. വിദൂരപഠനത്തിന് കരാർ അദ്ധ്യാപകരെ നിയോഗിച്ചു. വിദ്യാർഥികളുടെ എണ്ണം കുറഞ്ഞിരുന്നാൽ നിലവിലെ കരാർ അധ്യാപകരുടെ സേവനം മാത്രം മതിയാവും. വിദൂര വിഭാഗം അദ്ധ്യാപകർക്ക് സർവകലാശാലയിൽ തുടരാം. ഇതിനുള്ള കള്ളക്കളിക്കായാണ് വിജ്ഞാപനം വൈകിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ലൈബ്രറി അസിസ്റ്റന്റ്മാരുടെ 54 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് സിൻഡിക്കേറ്റ് യോഗംമാറ്റിവച്ചു. ഇപ്പോൾ ലൈബ്രറിയിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണയിലായതിനാലാണിത്. മറ്റ് യൂണിവേഴ്സിറ്റികൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും കേരള ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.