കൊല്ലം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പാലത്തറ എന്‍എസ് ആശുപത്രിക്കു സമീപം നവാസ് മന്‍സിലില്‍ സയ്യിദലിയാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയൊടെ പാലത്തറ ശാന്താഭവനത്തില്‍ രാഹുല്‍(25)നെയാണ് ഇയാള്‍ കുത്തിയത്. സ്കൂട്ടറില്‍ വീട്ടിലേക്കു വരുകയായിരുന്ന രാഹുലിനെ ഇയാള്‍ തടഞ്ഞുനിര്‍ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. അക്രമത്തിനുശേഷം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ ഭയപ്പെടുത്തി ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് കുളപ്പാടത്തെ ബന്ധുവീട്ടിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു.
ഇതറിഞ്ഞ് പോലീസ് സംഘം കുളപ്പാടത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോഴേക്കും പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ നോക്കി. ഒരു കിലോമീറ്ററോളം പിന്തുടര്ന്ന് പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ വാഹനമോഷണ കേസുകള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.



