ലോക റെക്കോഡ് തിരുത്തി കിപ്‌ചോഗെ

ബെര്‍ലിന്‍: മാരത്തണില്‍ തന്റെ തന്നെ ലോക റെക്കോഡ് തിരുത്തി കെനിയയുടെ ഇതിഹാസതാരം എലിയൂഡ് കിപ്‌ചോഗെ.ജര്‍മിനയിലെ ബെര്‍ലിന്‍ മാരത്തണിലാണ് താരം ലോകറെക്കോഡ് തിരുത്തിയത്. രണ്ട് മണിക്കൂര്‍ ഒരു മിനിറ്റും 09 സെക്കന്‍ഡാണു പുതിയ സമയം. ബെര്‍ലിനില്‍ നാലു വര്‍ഷം മുമ്പ് കുറിച്ച ലോക റെക്കോഡിനെക്കാള്‍ 30 സെക്കന്‍ഡ് കുറച്ചു ഫിനിഷ് ചെയ്യാന്‍ 37 വയസുകാരനായ കിപ്‌ചോഗെയ്ക്കായി.

റിയോ, ടോക്കിയോ ഒളിമ്പിക്‌സ് മാരത്തണുകളില്‍ സ്വര്‍ണം നേടിയ താരമാണ്. 17 കരിയര്‍ മാരത്തണുകളില്‍ 15 ലും ജേതാവായി. കെനിയയുടെ തന്നെ മാര്‍ക്ക് കോറിര്‍ കിപ്‌ചോഗെയെക്കാള്‍ നാല് മിനിറ്റ് 49 സെക്കന്‍ഡ് പിന്നില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി. പിന്നാലെയുണ്ടായിരുന്ന എത്യോപ്യയുടെ ടാഡു അബാറ്റെ വെങ്കലവും നേടി. വനിതകളില്‍ എത്യോപ്യയുടെ തിഗിസ്റ്റ് അസീഫ രണ്ട് മണിക്കൂര്‍ 15 മിനിറ്റ് 37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണം നേടി. കെനിയയുടെ റോസ് മേരി വാന്‍ജിരു രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 00 സെക്കന്‍ഡില്‍ വെള്ളിയും എത്യോപ്യയുടെ തന്നെ തിഗിസ്റ്റ് അബായെച്യു രണ്ട് മിനിറ്റ് 18 മിനിറ്റ് 03 സെക്കന്‍ഡില്‍ വെങ്കലം നേടി.
ബെര്‍ലിന്‍ മാരത്തണിന്റെ പാത സുഗഗമാണ്. അതുകൊണ്ടു തന്നെ ഇവിടെ റെക്കോഡുകള്‍ തകരുന്നതു പുതിയ കാഴ്ചയല്ല. 12-ാം തവണയാണു ബെര്‍ലിന്‍ മാരത്തണില്‍ ലോക റെക്കോഡ് തിരുത്തുന്നത്. അതില്‍ മൂന്നെണ്ണം വനിതാ താരങ്ങളുടെ വകയായിരുന്നു.

157 രാജ്യങ്ങളില്‍നിന്നു പതിനായിരങ്ങള്‍ മാരത്തണില്‍ പങ്കെടുക്കാനെത്തി. കോവിഡ്-19 വൈറസ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതോടെയാണ് ഇത്രയും പേര്‍ രജിസ്റ്റര്‍ ചെയ്തത്. കിപ്‌ചോഗെ 2019 ഒക്‌ടോബറിലെ വിയന്ന മാരത്തണ്‍ രണ്ട് മണിക്കൂറില്‍ താഴെ സമയത്തു ഫിനിഷ് ചെയ്തിരുന്നു. മാരത്തണ്‍ മത്സരം രണ്ട് മണിക്കൂര്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ താരമാണ്.
എതിരാളികളില്ലാതിരുന്നതിനാല്‍ മത്സരം ഔദ്യോഗികമായി കണക്കാക്കുന്നില്ല. മാരത്തണ്‍ ഇതിഹാസമാണെങ്കിലും കിപ്‌ചോഗെയുടെ സ്ഥിരം പരിശീലന വേദി തെക്കു പടിഞ്ഞാറന്‍ കെനിയയിലെ കാപ്റ്റാഗാറ്റ് എന്ന കുഗ്രാമമാണ്. സമുദ്ര നിരപ്പില്‍നിന്ന് 2400 മീറ്റര്‍ ഉയരത്തിലുള്ള കാപ്റ്റാഗാറ്റ് രാജ്യത്തെ മധ്യദൂര, ദീര്‍ഘ ദൂര ഓട്ടക്കാരുടെ പരിശീലന ക്യാമ്പാണ്. അവര്‍ക്കൊപ്പമാണു കിപ്‌ചോഗെ സ്ഥിരം പരിശീലിക്കുന്നത്. മറ്റൊരു റെക്കോഡ് കൂടി കിപ്‌ചോഗെ സ്വന്തമാക്കി. ബെര്‍ലിന്‍ മാരത്തണ്‍ നാല് തവണ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണു സ്വന്തമാക്കിയത്. ഈ നേട്ടം ആദ്യം കൈവരിച്ചത് എത്യോപ്യയുടെ ഹെയ്‌ലി ഗെബ്രിസെലാസിയാണ്. സെലാസി 2007, 2008 സീസണുകളില്‍ ഇവിടെ ലോക റെക്കോഡിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →