പോര്‍ചുഗലിനു തകര്‍പ്പന്‍ ജയം

പ്രാഗ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ പോര്‍ചുഗലിനു തകര്‍പ്പന്‍ ജയം. ചെക്ക് റിപ്പബ്ലിക്കിനെതിരേ നടന്ന ഗ്രൂപ്പ് 2 മത്സരത്തില്‍ 4-0 ത്തിനാണ് പോര്‍ചുഗല്‍ ജയിച്ചത്. പ്രാഗിലെ ഫോര്‍ചുന അരീനയില്‍ നടന്ന മത്സരത്തില്‍ ഡീഗോ ഡാലോട്ട് രണ്ട് ഗോളുകളടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡീഗോ ജോട്ട എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു മത്സരത്തിനിടെ പരുക്കേറ്റിരുന്നു. പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. 13-ാം മിനിറ്റില്‍ ചെക്ക് ഗോള്‍ കീപ്പര്‍ വാക്ലിക്കുമായി കൂട്ടിയിടിച്ച താരത്തിന്റെ മൂക്കില്‍ മുറിവേറ്റു. മൂക്കില്‍ നിന്ന് ചോര ഒഴുകുന്ന ക്രിസ്റ്റിയാനോയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പരുക്കു വകവയ്ക്കാതെ താരം മത്സരത്തിന്റെ അവസാനം വരെ കളത്തില്‍ തുടര്‍ന്നു. ഗോളടിക്കാനായില്ലെങ്കിലും താരം ഒരു അസിസ്റ്റ് കുറിച്ചു.

സ്‌പെയിനെതിരേ നടക്കുന്ന അടുത്ത മത്സരത്തില്‍ ക്രിസ്റ്റിയാനോ കളിക്കും. അഞ്ച് കളികളില്‍നിന്നു 10 പോയിന്റ് നേടിയ പോര്‍ചുഗല്‍ ഒന്നമതാണ്. എട്ട് പോയിന്റ് നേടിയ സ്‌പെയിനാണ് പിന്നില്‍. സ്വിറ്റ്‌സര്‍ലന്‍ഡ് ആറ് പോയിന്റും ചെക്ക് റിപ്ലബ്ലിക്ക് നാല് പോയിന്റും നേടി. സ്വിറ്റ്‌സര്‍ലന്‍ഡ് 2-1 നു സ്‌പെയിനെ തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകമായ റൊമാറീഡ സ്‌റ്റേഡിയത്തിലാണു സ്‌പെയിന്‍ തോല്‍വി വഴങ്ങിയത്. അകാന്‍ജി, എംബോലോ എന്നിവരാണു സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി ഗോളടിച്ചത്. ജോര്‍ഡി ആല്‍ബയാണ് സ്‌പെയിനു വേണ്ടി ഗോളടിച്ചത്.

Share
അഭിപ്രായം എഴുതാം