റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനീസ് ആപ്പുകൾ വഴി വായ്പയുടെ പേരിൽ പണം തട്ടിപ്പുനടത്തിയ നാല് പേർ അറസ്റ്റിൽ

September 12, 2022 - 6:37 am

ഗുരുഗ്രാം : ചൈനീസ് ഓൺലൈൻ വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ നാല് ഡൽഹി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.ദീപക്, അങ്കിത്, സാക്ഷി, ദിവ്യാൻഷ് എന്നിവരാണ് പിടിയിലായത്. 2021 മുതലാണ് ചൈനീസ് ആപ്പുകൾ വഴി ഇവർ പണം വായ്പ നൽകിയിരുന്നത് . ഇതുവരെ ഒരുലക്ഷത്തിലേറെ പേർക്ക് ഇന്ത്യയിൽ വായ്പ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

വ്യാജപേരുകളിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ഡയറക്ടർ, മാനേജർ തുടങ്ങിയ പദവികളിലാണ് ഇവർ ജോലിചെയ്തിരുന്നത്. ഗുരുഗ്രാമിലും നോയിഡയിലും ഇവരുടെ നേതൃത്വത്തിൽ കാൾ സെന്ററുകളും പ്രവർത്തിച്ചിരുന്നു. സിങ്കപ്പൂരിലുള്ള ചൈനക്കാരനാണ് ഇവരുടെ തലവനെന്നും ഇയാൾക്കു വേണ്ടിയാണ് പ്രതികൾ ഇവിടെ പ്രവർത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

25 മുതൽ 30 ശതമാനം വരെ പലിശയ്ക്ക് ചെറിയ തുകകളാണ് ആപ്പിലൂടെ വായ്പയായി നൽകുക. ഇതിനായി വലിയ പ്രോസസിംഗ് ഫീസ് ഈടാക്കും. മാസത്തവണകളായി പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ തെറ്റിച്ചാൽ ഭീഷണിപ്പെടുത്തും. ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ഫോണിൽ നിന്ന് ശേഖരിച്ച നമ്പറുകളിലേക്ക് വായ്പയെടുത്തയാളെ മാനം കെടുത്തുന്ന സന്ദേശങ്ങൾ അയക്കുകയാണ് അടുത്ത ഘട്ടം. തുടർന്ന് ഇവരുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കും. നാണക്കേടിൽ നിന്ന് ഒഴിവാകാൻ അവസാനം വൻ തുക കൊടുത്ത് തലയൂരേണ്ടി വരും. അതിന് കഴിയാത്തവർ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *