പത്തനംതിട്ട: മെഴുവേലിയിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ മർദ്ദിച്ച എസ്ഐക്കെതിരെ നടപടി. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് മനു സതീഷിനെയാണ് എസ്ഐ മർദ്ദിച്ചത്. എസ്ഐ ജി മാനുവലിനെ പമ്പ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. 2022 ജൂൺ 8ന് മനുസതീഷ് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സബ്‍ ഇൻസ്പെക്ടർ മാനുവൽ ജീപ്പിലെത്തുകയായിരുന്നു. മനുവിനെയും സുഹൃത്തിനേയും കണ്ട് ജീപ്പ് നിർത്തി. മനുവിനെ എസ്ഐ മാനുവേൽ മർദ്ദിച്ച ശേഷം ജിപ്പിൽകയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പക്ഷെ യാതൊരു കേസും രജിസ്റ്റർ ചെയ്തില്ല.
പ്രാദേശിക സിപിഎം നേതാക്കൾ എത്തിയ ശേഷമാണ് മനുവിനെ സ്റ്റേഷനിൽ നിന്ന് വിട്ടത്. സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ മനുവിന്റെ കർണപടം പൊട്ടിയതായി കണ്ടെത്തി. മുമ്പ് ഡിവൈഎഫ്ഐ സമ്മേളന കാലത്ത് എസ്ഐ പ്രവർത്തകരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് മർദിക്കാൻ കാരണമെന്നാണ് ഡിവൈഎഫ്ഐ നേതാക്കൾ പറയുന്നത്. സബ് ഇൻസ്പെക്ടർക്കെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മനുവിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എസ് ഐ മാനുവലിന്റെ വിശദീകരണം