വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കൊച്ചി: അതിതീവ്ര മയക്കുമരുന്നായ എംഡിഎഎയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് സ്വദേശി എബിൻ ജോണാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്കൂളുകളും കോളേജുകളും തുറന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ട് ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്.

കേരളത്തിലെത്തിച്ച മയക്കുമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി ചെറുസംഘങ്ങൾക്ക് കൈമാറുകയായിരുന്നു. എബിൻറെ സുഹൃത്തുക്കളുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 140 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്നിന്റെ ഉറവിടം അറിയുന്നതിന് പ്രതിയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് ഇറക്കുന്നുതായി പോലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പെ തൃശൂരിൽ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടിയിരുന്നു. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയിൽ എത്തിച്ചത്. സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു

Share
അഭിപ്രായം എഴുതാം