നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ പോളിടെക്‌നിക്കായി ഉയർത്തും: മന്ത്രി പ്രഫ. ആർ ബിന്ദു

നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയർത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. ആർ ബിന്ദു പറഞ്ഞു. സ്‌കൂളിലെ പുതിയ വർക്ക്‌ഷോപ്പ്, ഡ്രോയിങ്ങ് ഹാൾ, ലാബ് കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സർക്കാർ. ബ്രെയിൻ ഗെയിൻ സാധ്യമാക്കുകയാണ് ലക്ഷ്യം.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നൈപുണ്യവികസനത്തിനായി അസാപിന്റെ പ്രവർത്തനം എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കും. വൈദഗ്ധ്യ പോഷണത്തിന് സാധ്യത ഒരുക്കിക്കൊണ്ടുള്ള പദ്ധതികൾ കലാലയങ്ങളിൽ തുടങ്ങിയതായും മന്ത്രി പറഞ്ഞു. വിദ്യാർഥികളെ തൊഴിലന്വേഷകർ മാത്രമല്ല തൊഴിൽ സ്രഷ്ടാക്കളായി മാറാനും പ്രാപ്തരാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ജില്ലയിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനായി സംസ്ഥാന സർക്കാറിന്റെ 2018-19 വർഷത്തിൽ ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പ്ലാൻ ഫണ്ടിൽ നിന്ന് 2.60 കോടി  രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. രണ്ട് നിലകളിലായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മൂന്ന് ലാബുകളും ഒന്നാം നിലയിൽ ഡ്രോയിങ്ങ് ഹാളുമാണുള്ളത്. വർക്ക് ഷോപ്പ് കെട്ടിടത്തിന് 25.50 മീറ്റർ നീളവും 18.30 മീറ്റർ വീതിയുമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പരിഷ്‌ക്കരിച്ച സിലബസ്, ആധുനിക സാങ്കേതികവിദ്യ, പുതിയ ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ട് ഡിവിഷനുകളിലായി വർഷം തോറും 100 വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിൽ പ്രവേശനം നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, മെക്കാനിക്കൽ എന്നീ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നുണ്ട്. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് പദ്ധതിപ്രകാരം നാല് ട്രേഡുകളിൽ അധിക പരിശീലനവും നൽകുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസുകളും നടത്തുന്നുണ്ട്. 

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ഏഴോം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ വിശ്വനാഥൻ മാസ്റ്റർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ.ടി പി ബൈജുഭായി, ടെക്‌നിക്കൽ സ്‌കൂൾ സൂപ്രണ്ട് കെ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസി എക്‌സിക്യുട്ടീവ് എഞ്ചിനീയർ സി പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →