ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന. തുടര്‍ന്ന് ഇന്ത്യന്‍ സേന പാക് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ് നടത്തി
രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് ചെറുതും വലുതുമായ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് പാക് സേന വെടിവെപ്പ് നടത്തിയത്. കൂടാതെ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
രജൗറി, പൂഞ്ച്, കത്വ ജില്ലകളില്‍ ഉള്‍പ്പെടുന്ന മഞ്ചകോട്ട്, കേരി, ബാലകോട്ട്, കരോള്‍ മൈത്രാന് സെക്ടറിലാണ് പാകിസ്താന് ആക്രമണം നടത്തിയത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിച്ചു. രജൗറി ജില്ലയിലെ മഞ്ചകോട്ട് സെക്ടറിലെ ഒരാള്‍ക്ക് പരിക്കേറ്റു. ഷെല്ലാക്രമണത്തില്‍ പ്രദേശവാസിയുടെ വലത് തോളിനാണ് പരിക്കേറ്റത്. തോളില്‍ തറച്ച ഷെല്ലിന്റെ ചീള് നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതിനിടെ, ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗിലെ ലല്ലനില് ശനിയാഴ്ച പുലര്‍ച്ചയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

