കാലവര്‍ഷത്തിന് മുന്നോടിയായി ജലസ്രോതസുകള്‍ ശുചീകരിച്ച് നീരൊഴുക്ക് പുനസ്ഥാപിക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ വാഹിനി – ഒരു വാര്‍ഡ് ഒരു തോട് പദ്ധതി മാര്‍ഗരേഖ പ്രകാരം തുടരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജലസേചന വകുപ്പും മറ്റു വകുപ്പുകളും സംയുക്തമായി മൂവാറ്റുപുഴ, പെരിയാര്‍ നദികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് എക്കലും മാലിന്യവും മൂലവും പായല്‍ വളര്‍ന്നതുംമൂലവും നീരൊഴുക്ക് തടസപ്പെടുത്തിയ തോടുകള്‍ക്കാണു പദ്ധതി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. തോടുകളും കൈവഴികളും ശുചീകരിച്ചാല്‍ മാത്രമേ പുഴയിലേക്കു നീരൊഴുക്ക് സുഗമമാകൂ. ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപാലിറ്റികളിലെ ഓരോ വാര്‍ഡിലേയും ഒരു തോട് എങ്കിലും പദ്ധതിയിലൂടെ ശുചീകരിക്കണം. വാര്‍ഡില്‍ തോട് ഇല്ലെങ്കില്‍ മറ്റ് വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. അതാതു വാര്‍ഡിലെ മെമ്പറുടേയോ കൗണ്‍സിലറുടേയോ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്.
കുടുംബശ്രീ, സ്‌കൂളുകളിലെയും കോളേജുകളിലെയും എന്‍എസ്എസ് വിഭാഗം, നെഹ്‌റു യുവകേന്ദ്ര, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പാടശേഖര സമിതികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരേയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
താഴെ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്ത്തലത്തില്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറിനും മുനിസിപ്പല്‍ തലത്തില്‍ മുനിസിപ്പല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കോര്‍പ്പറേഷന്‍ തലത്തില്‍ കോര്‍പ്പറേഷനിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും ആയിരിക്കും ചുമതല. ഒരു വാര്‍ഡിലൂടെ കടന്നുപോകുന്ന തോടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറ്റു വാര്‍ഡുകള്‍ ഇതേ തോട് തന്നെ തിരഞ്ഞെടുത്തായിരിക്കും പ്രവര്‍ത്തനം. ഒരു വാര്‍ഡിന് ഒരു തോട് എന്നാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കിലും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തോടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
തനതു ഫണ്ടില്‍ നിന്നും കോര്‍പ്പറേഷന് 2.5 ലക്ഷം രൂപയും മുന്‍സിപ്പാലിറ്റിക്ക് 1.5 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന് 75,000 രൂപയും ചിലവഴിക്കാം. ഏപ്രില്‍ രണ്ടിന് കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഓഞ്ഞിത്തോടില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് ഭൂരിഭാഗം തോടുകളും ശുചീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.




