തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുളള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വ്യവസായവുമായി ബന്ധപ്പെട്ട 12 നിയമത്തിലെ 22 വകുപ്പും 13 ചട്ടത്തിലെ 23 വകുപ്പും ഭേദഗതി ചെയ്യാനാണ് ശുപാര്‍ശ . കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് നിയമ മന്ത്രി പി രാജീവിന് റിപ്പോര്‍ട്ട് കൈമാറിയത്.
നടപടികള്‍ ലഘൂകരിക്കാനും വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാനും ശുപാര്‍ശയുണ്ട്. പ്രധാന നിയമങ്ങളില്‍ സമൂല മാറ്റം സമിതി ശുപാര്‍ശ ചെയ്തു. നിലവിലെ സേവനാവകാശനിയമത്തിന് പകരം നിയമം, വിവിധ നിയമങ്ങളെ ഏകീകരിക്കല്‍, എന്നിവയും നിര്‍ദ്ദേശിച്ചു. സംരംഭകരുടെ പ്രതികരണത്തിന്രെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. 19 പൊതു നിര്‍ദ്ദേശവും 9 വകുപ്പുമായി ബന്ധ്പപെട്ട 27 നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
വ്യാപാര വ്യവസായ സംഘടനകള്‍, സംരംഭകര്‍,പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലഭിച്ച 650 ലധികം നിര്‍ദ്ദേശങ്ങളും പരാതികളും പരിശോധിച്ചു. ഈസ്ഓഫ് ഡൂയിംഗ് ബിസിനസ് ലക്ഷ്യത്തിലേക്കുളള നിര്‍ണായക ശുപാര്‍ശകളാണ് സമിതി നല്‍കിയതെന്നും അവ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പിരാജീവ് അറിയിച്ചു. നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.സി സണ്ണി അദ്ധ്യക്ഷനും നിയമ പരിഷ്ക്കരണ കമ്മീഷന് വൈസ് ചെയര്മാന് കെ.ശശിധരന് നായര്‍ ,കേന്ദ്രസര്‍ക്കാര്‍ മുന്‍ സെക്രട്ടറി ടി നന്ദകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.




