കോഴിക്കോട്: കാരവനില്‍ ലോകം ചുറ്റാനിറങ്ങിയ ജര്‍മന്‍ ദമ്പതിമാരായ തോര്‍ബനും മിച്ചിയും കോഴിക്കോട് ബീച്ചില്‍ തദ്ദേശീയരുമായി യാത്രാനുഭവം പങ്കുവെച്ചു. 90-ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ച ദമ്പതിമാര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ബുധനാഴ്ച വൈകീട്ടാണ് കോഴിക്കോട് എത്തിയത്.
കേരളത്തിലെ വിനോദസഞ്ചാര വകുപ്പില്‍നിന്നും വളരെ മികച്ച പിന്തുണയാണ് കാരവന്‍ യാത്രയ്ക്ക് ലഭിക്കുന്നതെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എല്ലാവിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മന്ത്രി നേരിട്ട് വീഡിയോ കോളില്‍ ബന്ധപ്പെട്ടത് ഊഷ്മളമായ അനുഭവമായെന്നും മന്ത്രിയുടെ പിന്തുണ തങ്ങളെ പോലുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രചോദനമാണെന്നും ദമ്പതികള്‍ പറഞ്ഞു.
കോഴിക്കോട് എത്തിയ ദമ്പതികളെ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ടി.സി. മനോജ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ടി. നിഖില്‍ദാസ്, റെസ്‌പോണ്‍സിബിള്‍ ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി എന്നിവര്‍ സ്വീകരിച്ചു. മകന്റെ പിറന്നാള്‍ ആഘോഷം മനോഹരമാക്കിയെന്നും വിനോദ സഞ്ചാര വകുപ്പിനും ഡി.ടി.പി.സിക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

