ന്യൂഡല്‍ഹി: പേരിനെ ശരിവയ്ക്കുന്ന വിധം ഷാരൂഖ് ഖാന്‍ ക്രിക്കറ്റ് പിച്ചിലെ യഥാര്‍ഥ ഹീറോയായപ്പോള്‍ ത്രസിപ്പിക്കുന്ന ജയത്തോടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്നാട് ചാമ്പ്യന്‍മാര്‍. അവസാന ബോളിലേക്കു നീണ്ട ആവേശകരമായ ഫൈനലില്‍ മനീഷ് പാണ്ഡെ നയിച്ച മുന്‍ ജേതാക്കള്‍ കൂടിയായ കര്‍ണാടകയെയാണ് വിജയ് ശങ്കറിന്റെ തമിഴ്നാട് നാലു വിക്കറ്റിന് തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് തമിഴ്നാട് മുഷ്താഖ് അലി കിരീടം സ്വന്തം തട്ടകത്തിലെത്തിക്കുന്നത്.അവസാന പന്തില്‍ വിജയത്തിനായി 5 റണ്‍സ് നേടേണ്ട ഘട്ടത്തില്‍ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തില്‍ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാനാണ് തമിഴ്നാടിന് കിരീടം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 151 റണ്‍സ് നേടി. മുന്‍നിര ബാറ്റേഴ്സ് നിരാശപ്പെടുത്തിയെങ്കിലും ലോവര്‍ ഓര്‍ഡറിന്റെ ചെറുത്തുനില്‍പ്പ് കര്‍ണാടകയെ പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. അഭിനവ് മനോഹര്‍, പ്രവീണ്‍ ദുബെ എന്നിവരാണ് കര്‍ണാടകയുടെ മുഖ്യ സ്‌കോറര്‍മാര്‍. അഭിനവ് 37 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെടെ 46 റണ്‍സ് നേടി. പ്രവീണ്‍ 25 ബോളില്‍ മൂന്ന് ബൗണ്ടറിയും രണ്ടു സിക്സറും ഉള്‍പ്പെടെ 33 റണ്‍സെടുത്തു. കരുണ്‍ നായരും ജെ സുചിത്തും 18 റണ്‍സ് വീതമെടുത്തപ്പോള്‍ നായകന്‍ പാണ്ഡെ 13 റണ്‍സിനു മടങ്ങി. തമിഴ്നാടിനായി സായി കിഷോര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 12 റണ്‍സ് മാത്രമാണ് സായി വിട്ടുകൊടുത്തത്.
152 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റേന്തിയ തമിഴ്നാടിന് വേണ്ടി ഓപ്പണര്‍ എന്‍ ജഗദീശന്‍ (41), ഹരി നിശാന്ത് (23), നായകന്‍ വിജയ് ശങ്കര്‍ (18) എന്നിവര്‍ പൊരുതിയെങ്കിലും 19-ാം ഓവറില്‍ കര്‍ണാടക വിജയമുറപ്പിച്ചതായിരുന്നു. അവസാനത്തെ ഓവറില്‍ തമിഴ്നാടിനു ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്നു. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് താരമായ ഷാരൂഖും ആര്‍ സായി കിഷോറുമായിരുന്നു ക്രീസില്‍. പ്രതീക് ജയ്ന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സായി കിഷോര്‍ ബൗണ്ടറി നേടി. അടുത്ത ബോളില്‍ സിംഗിള്‍, തുടര്‍ന്നൊരു വൈഡ്. മൂന്നാമത്തെ ബോളില്‍ ഷാരൂഖ് സിംഗിളെടുത്തു. നാലാത്തെ ബോളിലും സിംഗിള്‍. അഞ്ചാമത്തേത് വൈഡ്, തുടര്‍ന്നുള്ള ബോളില്‍ ഷാരൂഖ് ഡബിള്‍ നേടി. ഇതോടെ അവസാന ബോളില്‍ തമിഴ്നാടിനു ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ സിക്സര്‍ പറത്തി ഷാരൂഖ് തമിഴ്നാടിന്റെ വിജയം കുറിച്ചപ്പോള്‍ കര്‍ണാടക ടീം സ്തബ്ധരായി. 15 ബോളില്‍ മൂന്നു സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 33 റണ്‍സ് അടിച്ചുഷകൂട്ടിയ ഷാരൂഖാണ് ടീമിന്റെ വിജയ ശില്പി.
കര്‍ണാടകയ്ക്കു വേണ്ടി കെ.സി. കരിയപ്പ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ പ്രതീക് ജയ്ന്‍, കരുണ്‍ നായര്‍, വിദ്യാധര്‍ പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡും തമിഴ്നാടിനെ തേടിയെത്തി. മൂന്നാം തവണയാണ് തമിഴ്നാട് കിരീടം കൈക്കലാക്കുന്നത്. 2006-07 പ്രഥമ സീസണിലെ ജേതാക്കളായ ശേഷം കഴിഞ്ഞ സീസണിലും ഈ സീസണിലും തമിഴ്നാട് വിജയ കിരീടം ചൂടുകയായിരുന്നു.



