റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോന്‍സന്റെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിലും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിലും അതിനൂതന ഒളിക്യാമറ: പെന്‍ഡ്രൈവ് കത്തിച്ചുകളഞ്ഞെന്ന വെളിപ്പെടുത്തലുമായി മാനേജര്‍

October 24, 2021 - 11:59 am

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഒളിക്യാമറകള്‍ പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്. സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്കിങ് ഏജന്‍സിയെ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്.

അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകള്‍ ക്രൈംബ്രാഞ്ചും സൈബര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വോയിസ് കമാന്‍ഡ് അനുസരിച്ച് റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്ന ക്യാമറകള്‍ വഴി പകര്‍ത്തിയ ദൃശ്യങ്ങള്‍ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോന്‍സണ് നേരില്‍ കാണാനുള്ള സംവിധാനമുണ്ടായിരുന്നു.

അതിനിടെ അറസ്റ്റിലായ ശേഷം മോന്‍സന്റെ ഒരു പെന്‍ഡ്രൈവ് കത്തിച്ച് കളഞ്ഞതായി മാനേജര്‍ ജിഷ്ണു പറഞ്ഞു. മോന്‍സന്റെ നിര്‍ദേശപ്രകാരമാണ് പെന്‍ഡ്രൈവ് കത്തിച്ചതെന്ന് ഇയാള്‍ പറയുന്നു.

പെന്‍ഡ്രൈവില്‍ എന്താണ് ഉണ്ടായിരുന്നതെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോന്‍സന്റെ മ്യൂസിയത്തില്‍ മാത്രം 28 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഇതിലൂടെ മോന്‍സണ് ഗസ്റ്റ് ഹൗസിലിരുന്ന് തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ കാണാനുള്ള സംവിധാനവുമൊരുക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പ്മുറിയിലും സ്പായിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്.

നേരത്തെ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

മോന്‍സണെതിരേ പലരും പരാതി നല്‍കാത്തത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *