കാഞ്ഞാര്‍: കൊവിഡും ലോക്ഡൗണും അരങ്ങുതകര്‍ക്കുമ്പോള്‍ ഇടുക്കിയില്‍നിന്ന് ഒരു മംഗലവാര്‍ത്ത. കുടയത്തൂര്‍ മേലേടത്ത് ചന്ദ്രന്‍- ശാരദാമ്മ ദമ്പതികളുടെ മക്കളും ഇരട്ടസഹോദരന്മാരുമായ അഭിലാഷും അനീഷും തലയനാട് പരപ്പിന്‍കര ഈരാമിത്ര സോമന്റേയും ഓമനയുടെയും ഇരട്ടകളായ മക്കള്‍ അഞ്ജുവിനെയും അഞ്ജനയെയും മിന്നു ചാര്‍ത്തി. വ്യാഴാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. അഞ്ജുവിനെ അഭിലാഷും അഞ്ജനെയെ അനീഷുമാണ് ജീവിതത്തിലേക്ക് കരംപിടിച്ചത്. വയനക്കാവ് ദേവിക്ഷേത്രത്തില്‍വച്ച് നടത്താന്‍ നേരത്തെ നിശ്ചയിച്ച വിവാഹം ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വീട്ടിലാണു നടത്തിയത്.
ഇരട്ടക്കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരുന്നിട്ടും ലോക്ഡൗണ്‍ ആ ആഗ്രഹത്തെ സഫലീകൃതമാക്കിയില്ല. ലോക്ഡൗണ്‍ നിബന്ധനകള്‍ പ്രകാരം 20 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹംനടത്താന്‍ വീട്ടുകാര്‍ ഏറെ ബുദ്ധിമുട്ടുകതന്നെ ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ബന്ധുമിത്രാദികള്‍ അകലത്തുനിന്ന് മനസുകൊണ്ട് ആശംസകള്‍ നേര്‍ന്നു.



