പൂഞ്ഞാർ: പാതാമ്പുഴയിൽ വയോധികനായ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോമിയോ ഡോക്ടറായ ഡോ.സെബാസ്റ്റ്യനാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരാഴ്ചയായി സെബാസ്റ്റ്യനെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് സമീപവാസികൾ വീട്ടിൽ പരിശോധന നടത്തിയത്.
കറന്റ് ബില്ലും മറ്റും ദിവസങ്ങളായി ഗേറ്റിൽ തന്നെ ഇരിക്കുന്നത് കണ്ട ടാപ്പിങ് തൊഴിലാളിക്കാണ് ആദ്യം സംശയം തോന്നിയത്. വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ തൊഴുത്തിൽ ആടിനെ ചത്ത് അഴുകിയ നിലയിൽ കണ്ടെത്തി. പിന്നീട് ഡോക്ടറെ വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണിച്ച് തുടങ്ങിയിരുന്നു.
എഴുപത് വയസുകാരനായ ഡോ.സെബാസ്റ്റ്യൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ക്ലീനിക്കുകളും നടത്തുന്നുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഈരാറ്റുപേട്ട പൊലീസിൻറെ പ്രാഥമിക നിഗമനം.

