അഫ്​ഗാനിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്റെ ചക്രത്തിൽ സ്വയം കെട്ടിയിട്ടു; പറന്നുയരവേ താഴേക്ക് വീണു

കാബൂൾ: അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയാണ് ഒരു വിഭാ​ഗം ജനങ്ങൾ. രാജ്യം വിടാനാ​യി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇതിനിടെ വിമാനത്തിനുള്ളിൽ കയറാൻ ചക്രത്തിനൊപ്പം സ്വയം ബന്ധിച്ച രണ്ട് പേർ താഴേക്ക് വീണുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പറന്നുയർന്ന വിമാനത്തിൽ നിന്നും ഒരാൾ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇറാനിലെ ഔദ്യോ​ഗിക മാധ്യമമായ ടെഹ്റാൻ ടെെംസാണ് ഇത് കാബൂളിൽ നിന്ന് രക്ഷപ്പെടുന്നവരാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനാകാതായതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

തിക്കും തിരക്കും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് അമേരിക്കയുടെ വാദം.

എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജനങ്ങള്‍ക്ക് നേരെയും വെടിവെപ്പുണ്ടായെന്നും ഇവര്‍ പറയുന്നു. വെടിയേറ്റ് കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് അഫ്ഗാന്‍ ജനത ശ്രമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →