കോഴിക്കോട്: വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയുമായി വിദ്യാലയ മാനസികാരോഗ്യ പരിപാടി

കോഴിക്കോട്: കോവിഡ് മുടക്കിയ പഠനകാലത്തിന്റെയും ഓൺലൈൻ ക്ലാസിന്റെയും മാനസിക സമ്മർദ്ദങ്ങളിൽ വിദ്യാർത്ഥികൾക്ക് തണലായി വിദ്യാലയ മാനസികാരോഗ്യ പരിപാടി. ശാരീരിക ക്ഷേമത്തിനൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബോധവൽക്കരിച്ചുകൊണ്ട് സ്‌കൂൾ കുട്ടികളുടെ സമഗ്രമായ വികസനമാണ് ആരോഗ്യ വകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ(ഡിഎംഎച്ച്പി) ഭാഗമായ വിദ്യാലയ മാനസികാരോഗ്യ പരിപാടി ലക്ഷ്യമിടുന്നത്. 
    
കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കുട്ടികൾ നേരിടുന്ന മാനസിക അസ്വസ്ഥകൾക്ക് പരിഹാരമെന്നോണം കൗൺസിലിങ്, പരിശീലനങ്ങൾ, ക്ലാസുകൾ എന്നിവയാണ് നൽകുന്നത്. മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാൻ വിദ്യാർത്ഥികൾക്ക് സ്‌ട്രെസ് മാനേജ്‌മെന്റ് പരിശീലനം, ആത്മഹത്യാ പ്രതിരോധ പരിശീലനം, ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവൽകരണം, ഉറക്കമില്ലായ്മ ഒഴിവാക്കാനുള്ള മാർഗങ്ങൾ, ദേഷ്യം നിയന്ത്രിക്കാനുള്ള വിദ്യകൾ, നൈപുണ്യ വിദ്യാഭ്യാസം, കുടുംബ- സാമൂഹിക ഇടപെടൽ എന്നിവ സംബന്ധിച്ചുള്ള പരിശീലനങ്ങളും ക്ലാസുകളും നൽകി വരുന്നു. വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥ തിരിച്ചറിയാനും അവരെ പിന്തുണയ്ക്കുന്നതിനുമായി ‘സ്‌കൂൾ കുട്ടികൾക്കുള്ള മാനസിക സാമൂഹിക പിന്തുണ’എന്ന വിഷയത്തിൽ അധ്യാപകർ, സ്‌കൂൾ കൗൺസിലർമാർ, പിടിഎ അംഗങ്ങൾ എന്നിവർക്ക് പരിശീലനം നൽകി. 

വീടുകളിൽ കുട്ടികളോടുള്ള സമീപനം മികച്ചതാക്കാൻ രക്ഷിതാക്കൾക്കും മാതാപിതാക്കൾക്കും പരിശീലനം സംഘടിപ്പിച്ചിരുന്നു. കുട്ടികളിലെ ഉത്കണ്ഠ, മറ്റു മാനസിക പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ പിന്തുണയും ചികിത്സ സൗകര്യവും ഒരുക്കുകയും നിർദ്ധനരായ കുട്ടികളുടെ മാനസിക ചികിത്സ ഉറപ്പാക്കുന്നുമുണ്ട്. സ്‌കൂൾ കൗൺസിലർമാർ വഴി കുട്ടികൾക്ക് നൽകുന്ന മാനസിക സാമൂഹിക പിന്തുണയും അവയുടെ വിവരങ്ങളും ഏകീകരിച്ച് റിപ്പോർട്ട് ചെയ്യുകയും കേസുകളിൽ ഇടപെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം സംബന്ധിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ സംശയങ്ങൾ എന്നിവ ചർച്ചചെയ്യുന്നതിനായി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ചർച്ച വരും ദിവസങ്ങളിൽ നടത്തും. കുട്ടികൾക്ക് സഹായത്തിനായി 9995097819 എന്ന ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →