ന്യൂഡൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിനു വഴങ്ങി ട്വിറ്റർ ഒഴികെയുള്ള ഡിജിറ്റൽ കമ്പനികൾ. സർക്കാർ പ്രഖ്യാപിച്ച ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്ന പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് പേരുവിവരങ്ങൾ കേന്ദ്രത്തിന് സമർപിച്ചിരിക്കുകയാണ് മുൻനിര ഡിജിറ്റൽ കമ്പനികൾ.
സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഉദ്യോഗസ്ഥൻ, പരാതി പരിഹാര ഉദ്യോഗസ്ഥൻ, ബന്ധപ്പെടാനുള്ള നോഡൽ ഉദ്യോഗസ്ഥൻ എന്നിവരെയാണ് ഓരോ കമ്പനിയും നിയമിക്കേണ്ടത്. ഗൂഗ്ൾ, ഫേസ്ബുക്ക്, വാട്സാപ് എന്നിവയാണ് ഇതിനകം പട്ടിക സമർപിച്ചത്. ട്വിറ്റർ ഇവ കൈമാറിയിട്ടില്ല. അടിയന്തരമായി പട്ടിക സമർപ്പിക്കാനാവശ്യപ്പെട്ട് 28/05/21 വെളളിയാഴ്ച കേന്ദ്ര ഐ.ടി മന്ത്രാലയം കമ്പനികൾക്ക് കത്ത് നൽകിയിരുന്നു.
പുതുതായി കൊണ്ടുവന്ന ഐ.ടി നിയമപ്രകാരം അപകീർത്തികരമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകൾ 36 മണിക്കൂറിനകം നീക്കംചെയ്യണം. ഇവയുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിനും വേണ്ടിവന്നാൽ നടപടിക്കും ഉദ്യോഗസ്ഥരെ വയ്ക്കുകയും വേണം. ഈ പേരുവിവരങ്ങളാണ് കൈമാറിയത്.
50 ലക്ഷത്തിലേറെ വരിക്കാരുള്ള സമൂഹ മാധ്യമങ്ങൾക്കാണ് പുതിയ നിയന്ത്രണങ്ങൾ ബാധകം. ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നിവയ്ക്കു പുറമെ ടെലഗ്രാം, ലിങ്ക്ഡ്ഇൻ, കൂ, ഷെയർ ചാറ്റ് തുടങ്ങിയവയും ഇതിൽ പെടും.

