എറണാകുളം : കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് പോലീസിന്റെ ചോദ്യം ചെയ്യലിനിടയില്‍ രക്ഷപെട്ട ശേഷം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി രഞ്ജിത്താണ് നാട്ടുകാരും പോലീസും നോക്കിനില്‍ക്കെ ദാരുണമായി മരിച്ചത്. എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപമുളള ഇലക്ട്രിക്ക് പോസ്റ്റില്‍ കയറിയ യുവാവ് ലൈനില്‍ കുറുകെ കിടന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപം 03.05.2021 തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
മൂന്നുകിലോ കഞ്ചാവുമായി പിടിയിലായ രഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഡിയത്തിനകത്തെ റോഡില്‍ കൊണ്ടുവന്നു. ഇതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പ്രതി സ്റ്റേഡിയത്തിന്റെ പടവുകളിലേക്ക് ഓടികയറുകയും തുടര്‍ന്ന് താഴേക്ക് ചാടുകയുമായിരുന്നു. പോലീസ് പിന്നാലെ ഓടിയതോടെ നിലത്തുവീണ ഇയാള്‍ ഉടന്‍ സമീപമുളള ഇലക്ട്രിക്ക് പോസ്റ്റിലേക്ക് കയറി. ഇയാളെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനില്‍ കുറുകെ കിടന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഉടന്‍ ഫയര്‍ഫോഴ്സ് എത്തി ഇയാളെ താഴെയിറക്കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സെന്‍ട്രല്‍ പോലീസിലേയും ഡാന്സാഫിലേയും ഉദ്യോഗസ്ഥരായിരുന്നു പ്രതിയുമായി സ്റ്റേഡിയത്തിന് സമീപമെത്തിയത്. മൂന്നുകിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഞ്ചാവ് കേസില്‍ ജാമ്യം കിട്ടാതെ ജയിലിലാകുമെന്ന് പറഞ്ഞ് ഇയാള്‍ ഓടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രഞ്ജിത്തിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ പ്രതി രക്ഷപെട്ടതടക്കമുളള സംഭവത്തിലും അസ്വാഭാവിക മരണത്തിലും സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

