തിരുവനന്തപുരം: വോട്ടെണ്ണൽ ദിനമായ മെയ് 2 ന് സംസ്ഥാനത്ത് യാതൊരു വിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. അനാവശ്യമായി പുറത്തിറങ്ങരുത്. കൂട്ടം കൂടുകയും ചെയ്യരുത്. നാടിന്റെ സാഹചര്യം അറിഞ്ഞ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പെരുമാറണമെന്നും മുഖ്യമന്ത്രി 01/05/21 ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
‘യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടിച്ചേർന്നെടുത്ത തീരുമാനമാണ്. ജയിക്കുന്നവർ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്.
സംസ്ഥാനത്തും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടരുത്. നിശ്ചിത എണ്ണം ആളുകലെയല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്.
ഫലപ്രഖ്യാപനം വരുമ്പോൾ പ്രവർത്തകർക്കെല്ലാം അതുവരെ അടക്കിവെച്ച ആവേശം പ്രകടിപ്പിക്കാൻ തോന്നും. എന്നാൽ ഇന്നത്തെ നാടിൻറെ സാഹചര്യം മനസ്സിലാക്കണം. ആഹ്ലാദ പ്രകടനത്തിൽ നിന്ന് എല്ലാവരും മാറിനിൽക്കണം.
നന്ദി പ്രകടിപ്പിക്കാൻ സ്ഥാനാർത്ഥികൾ ആളുകളെ കാണാൻ പോകുന്ന പതിവ് ഇത്തവണ ഉണ്ടാവരുത്. കൊവിഡ് വ്യാപനത്തിന് ശമനം വന്നാൽ അത്തരം കാര്യങ്ങൾ ചെയ്യാം’ മുഖ്യമന്ത്രി പറഞ്ഞു.

